national news
സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കോണ്‍ഗ്രസും എന്‍.സി.പിയും വി.ബി.എയും; ധഹാനു ഇത്തവണ പിടിച്ചടക്കുമെന്ന് അശോക് ധവാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 02, 06:03 am
Wednesday, 2nd October 2019, 11:33 am

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കോണ്‍ഗ്രസും എന്‍.സി.പിയും വി.ബി.എയും. ധഹാനു മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളിനെയാണ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാവരും പിന്തുണക്കുന്നത്.

നിലവില്‍ ദഹാനു മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ ബി.ജെ.പിയുടെ പസ്‌കല്‍ ദനാരേയാണ്. ഈ സീറ്റില്‍ മാത്രമാണ് പ്രതിപക്ഷ കക്ഷികളെല്ലാവരും ചേര്‍ന്ന് സി.പി.ഐ.എമ്മിനെ പിന്തുണക്കുന്നത്. ചൊവ്വാഴ്ച വിനോദ് നിക്കോള്‍ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ദഹാനു ഞങ്ങളുടെ കോട്ടയാണ്, 2014ല്‍ നഷ്ടപ്പെട്ടെങ്കിലും. ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ഞങ്ങള്‍ക്ക് അനുകൂലമാണ്- സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം അശോക് ധവാലേ പറഞ്ഞു.

നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സി.പി.ഐ.എം പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവും ഏഴ് തവണ എം.എല്‍.എയുമായ ജെ.പി ഗാവിറ്റ് ഇത്തവണയും മത്സരിക്കുന്നുണ്ട്. ഗാവിറ്റിനെ കൂടാതെ നരസയ്യ ആദം, ഡോ. ഡി.എല്‍ കാരാഡ്, വിനോദ് നിക്കോള്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

അഖിലേന്ത്യ കിസാന്‍ സഭ 2018ല്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടത്തിയ ആദിവാസികളുടെയും കര്‍ഷകരുടെയും ലോംഗ് മാര്‍ച്ചിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു ജെ.പി ഗാവിറ്റ്. 2019ലും സമാനമായ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ മുതിര്‍ന്ന എം.എല്‍.എമാരിലൊരാളാണ് ഗാവിറ്റ്. 2014ല്‍ പ്രോ ടെം സ്പീക്കറായിരുന്നു. നാസിക്, താനെ, പാല്‍ഘര്‍ ജില്ലകളില്‍ സ്വാധീനമുള്ള നേതാവാണ് ഗാവിറ്റ്. 29 വയസ്സുള്ളപ്പോളാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ആദം മാസ്റ്റര്‍ എന്നറിയപ്പെടുന്ന നരസയ്യ പ്രമുഖനായ തൊഴിലാളി നേതാവാണ്. ബീഡി തൊഴിലാളികളുടെ ഇടയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.