അത് നാക്ക് പിഴയായിരുന്നു; പാലായിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് മാണി സി.കാപ്പന്‍
Kerala
അത് നാക്ക് പിഴയായിരുന്നു; പാലായിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് മാണി സി.കാപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 1:28 pm

പാലാ: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപ തെരഞ്ഞെടുപ്പ് വരുന്ന പാലാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് മാണി സി കാപ്പന്‍. സ്ഥാനാര്‍ത്ഥിയെ എന്‍.സി.പി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ബ്ലോക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം അറിയിക്കുന്നതിനിടെ ദേശിയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിക്ക് നാക്ക് പിഴച്ചതാണെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

പാലായിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ തോമസ് ചാണ്ടി രംഗത്തെത്തിയതിന് പിന്നാലെയാണ് മാണി സി കാപ്പന്‍ തന്നെ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

എന്‍.സി.പി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്‍.സി.പി ദേശീയ സമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാണി സി കാപ്പനെ പാലായിലെ സ്ഥാനാര്‍ത്ഥിയായി ഏകകണ്ഠമായി നിശ്ചയിച്ചുവെന്നായിരുന്നു പ്രഖ്യാപനം. കേന്ദ്രസംസ്ഥാനനേതൃത്വങ്ങളുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

തീരുമാനം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും തീരുമാനം മുന്നണിയില്‍ അറിയിക്കുമെന്നും എന്‍.സി.പി ദേശീയ സമിതി അംഗം സുല്‍ഫീക്കര്‍ മയൂരി അറിയിച്ചു.

എന്‍.സി.പി സ്ഥിരം മത്സരിക്കുന്ന സീറ്റുകളിലൊന്നാണ് പാല. അവസാനം നടന്ന മൂന്നു നിയമസഭാ തെരഞ്ഞടുപ്പുകളില്‍ മാണി സി കാപ്പനായിരുന്നു കെ.എം മാണിയ്ക്കെതിരായ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. 2001ല്‍ ഉഴവൂര്‍ വിജയനാണ് കെ.എം മാണിക്കെതിരെ മത്സരിച്ചത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പന്‍ കെ.എം മാണിയോട് മത്സരിച്ചു തോറ്റിരുന്നു.