Advertisement
Entertainment news
ലേഡി സൂപ്പര്‍സ്റ്റാര്‍; ദയവ് ചെയ്ത് എന്നെ അങ്ങനെ വിളിക്കരുത്: നയന്‍താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 13, 04:31 pm
Wednesday, 13th December 2023, 10:01 pm

തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുതെന്ന് നടി നയന്‍താര. അങ്ങനെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ പലപ്പോഴും തന്നെ ശകാരിക്കുന്നത് പോലെയാണ് തോന്നുന്നതെന്നാണ് താരം പറയുന്നത്.

അന്നപൂരണി സിനിമയുടെ ഭാഗമായി നടന്ന ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നയന്‍താര. അങ്ങനെ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് താന്‍ വന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും ആ ടാഗ് തനിക്ക് എല്ലാവരും തന്ന സ്‌നേഹമാണെന്നും നയന്‍താര പറഞ്ഞു.

‘ദയവ് ചെയ്ത് എന്നെ അങ്ങനെ വിളിക്കരുത്. ആരെങ്കിലും അങ്ങനെ എന്നെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും ശകാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.

അങ്ങനെ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് ഞാന്‍ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പടത്തില്‍ പറയുന്നത് പോലെ, ഒരു പെണ്ണ് ആയത് കൊണ്ട് അങ്ങനെ ഒരു ടാഗ് ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണോ എന്നറിയില്ല.

ആ ഒരു ടാഗില്‍ എന്നെ വിളിക്കുമ്പോള്‍, ഒരു പത്ത് പേര്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും വിളിക്കുകയാണെങ്കില്‍ ഒരു അമ്പത് പേര്‍ ശകാരിക്കുന്നത് പോലെയാണ്.

എന്റെ സിനിമയിലെ യാത്രയും എന്റെ വിഷയങ്ങളും ഞാന്‍ എങ്ങനെയുള്ള സിനിമ ചെയ്യണമെന്നും എങ്ങനെയുള്ള സ്‌ക്രിപ്റ്റ് ഞാന്‍ തെരെഞ്ഞെടുക്കണമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ ആ ടാഗിനെ ബേസ് ചെയ്തല്ല. ആ ടാഗ് എനിക്ക് എല്ലാവരും തന്ന സ്‌നേഹമാണ്,’ നയന്‍താര പറഞ്ഞു.

നയന്‍താരയുടേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ സിനിമയാണ് അന്നപൂരണി. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.

സീ സ്റ്റുഡിയോസ് ട്രൈഡന്റ് ആര്‍ട്‌സ്, നാഡ് സ്റ്റുഡിയോസ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. എസ്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

ജയ്, സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Nayanthara Talks About Lady Superstar Tag; Please Don’t Call Me That