ബട്‌ലറിന്റെ വിക്കറ്റല്ലേ ആ പോയത്; അന്ന് വിരാടിനൊപ്പം ഇന്ന് ഒറ്റയ്ക്ക്, ദല്‍ഹിയെ ഹരം കൊള്ളിച്ച് നവീന്‍
2023 ലോകകപ്പിലെ രണ്ടാം ജയം തേടിയിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ പതറുകയാണ്. 25 ഓവറിനിടെ ക്യാപ്റ്റന്‍ ജോസ് ബ്ടലറും സൂപ്പര്‍ താരം ജോ റൂട്ടും അടക്കമുള്ള അഞ്ച് മുന്‍നിര താരങ്ങളുടെ വിക്കറ്റ് വീണതോടെയാണ് ഇംഗ്ലണ്ട് തപ്പിത്തടയുന്നത്.
അഫ്ഗാനിസ്ഥാന്റെ ബൗളിങ്ങിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത ഇംഗ്ലണ്ട് ബാറ്റര്‍മാരാണ് ദല്‍ഹിയിലെ കാഴ്ച. ജോണി ബെയര്‍സ്‌റ്റോയും ജോ റൂട്ടും വളരെ പെട്ടെന്ന് പുറത്തായി. നാല് പന്ത് നേരിട്ട് രണ്ട് റണ്‍സ് നേടിയാണ് ബെയര്‍സ്റ്റോ പുറത്തായത്. 17 പന്തില്‍ 11 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം.
ഇവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പെട്ടെന്ന് തന്നെ മടങ്ങിയിരുന്നു. ഒറ്റയക്കത്തിനായിരുന്നു ബട്‌ലര്‍ മടങ്ങിയത്. 18ാം ഓവറിലെ രണ്ടാം പന്തില്‍ പേസര്‍ നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു ബട്‌ലറിന്റെ മടക്കം.
നവീന്റെ പന്തില്‍ കവര്‍ ഡ്രൈവ് കളിക്കാനുള്ള ബട്‌ലറിന്റെ ശ്രമം പാളി. ബാറ്റിനും പാഡിനും ഇടയിലൂടെ പറന്നിറങ്ങിയ പന്ത് ഓഫ് സ്റ്റംപിനെ തഴുകിയിറങ്ങിയപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം ആവേശത്തിലായി.
ഇന്ത്യക്കെതിരായ മത്സരത്തിലും നവീന്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഐ.പി.എല്ലിലെ പടലപ്പിണക്കങ്ങളെല്ലാം മറന്ന് വിരാടും നവീനും ഒന്നിച്ചതോടെയാണ് ആരാധകര്‍ ആവേശത്തിലാറാടിയത്.
ഇന്ത്യക്കെതിരായ മത്സരത്തില്‍ വിരാടിനൊപ്പം സ്‌പോട്‌ലൈറ്റ് സ്വന്തമാക്കിയ നവീന്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഒറ്റയ്ക്ക് കയ്യടികളേറ്റുവാങ്ങുകയാണ്.
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 285 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ആറാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. 23 പന്തില്‍ പത്ത് റണ്‍സ് നേടിയ സാം കറന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് അവസാനമായി നഷ്ടമായത്. സൂപ്പര്‍ താരം മുഹമ്മദ് നബിയുടെ പന്തില്‍ റഹ്‌മത് ഷായ്ക്ക് ക്യാച്ച് നല്‍കിയാണ് കറന്‍ പുറത്തായത്.
ഇവര്‍ക്ക് പുറമെ ഡേവിഡ് മലന്‍ (39 പന്തില്‍ 32), ലിയാം ലിവിങ്സ്റ്റണ്‍ (14 പന്തില്‍ പത്ത്) എന്നിവരുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി.
അതേസമയം, നിലവില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ 143 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 51 പന്തില്‍ 53 റണ്‍സുമായി ഹാരി ബ്രൂക്കും 15 പന്തില്‍ മൂന്ന് റണ്‍സുമായി ക്രിസ് വോക്‌സുമാണ് ക്രീസില്‍.
Content Highlight: Naveen Ul Haq dismiss Jos Buttler