ഇറാന്‍ ഇന്‍ ; കൊറിയ ഔട്ട് !
Middle East
ഇറാന്‍ ഇന്‍ ; കൊറിയ ഔട്ട് !
നാസിറുദ്ദീന്‍
Friday, 15th June 2018, 4:28 pm

ആഘോഷങ്ങള്‍ക്കും പുറം പൂച്ചിനുമപ്പുറം സൗദി-യു.എ.ഇ-ഇസ്രായേല്‍ അച്ചുതണ്ടിന്റെ പശ്ചിമേഷ്യന്‍ റോഡ് മാപ്പിലെ നിര്‍ണായകമായ ചുവട് വെപ്പാണ് സിംഗപ്പൂരില്‍ നടന്ന ട്രംപ്-കിം കൂടിക്കാഴ്ച്ച. അനിയന്ത്രിതമായ കൊള്ളയടിയും സമഗ്രാധിപത്യവും ലക്ഷ്യമിടുന്ന സൗദി- യു.എ.ഇ സഖ്യവും യാതൊരു വിധ പരിധിയും പരിമിതിയും ബാധകമാവാത്ത അധിനിവേശവും അടിച്ചമര്‍ത്തലും ലക്ഷ്യമിടുന്ന സയണിസവും വര്‍ഷങ്ങളായി നടത്തുന്ന ശ്രമങ്ങള്‍ക്ക് കിട്ടിയ വയാഗ്രയായിരുന്നു ട്രംപ്.

ട്രംപിന്റെ ഭ്രാന്തും വിവരമില്ലായ്മയും ലോക പോലീസിന്റെ അധികാരവുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ പോവുന്നത് പശ്ചിമേഷ്യയിലെ അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകള്‍ കൂടി ഇല്ലാതാക്കുന്ന പുതിയ ലോക ക്രമമാണ്.

അധികാരമേറി ഒന്നര വര്‍ഷമാവുമ്പോഴേക്കും ഏതെങ്കിലും രീതിയില്‍ വിവേകമോ പക്വതയോ പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള എല്ലാവരേയും സ്വന്തം ടീമില്‍ നിന്ന് പിടിച്ചു പുറത്തേക്കെറിഞ്ഞു എന്നതാണ് ട്രംപിന്റെ വിദേശ നയത്തിന്റെ നേട്ടം. കറകളഞ്ഞ സയണിസ്റ്റ് തീവ്രവാദികളുടെ പൂര്‍ണമായ പിടിയിലാണ് ഇപ്പോള്‍ അമേരിക്കന്‍ വിദേശ മന്ത്രാലയം.

നീതിബോധമോ ജനാധിപത്യത്തോട് കൂറ് കാണിക്കുന്ന സൂക്കേടോ വലുതായില്ലെങ്കിലും എണ്ണ ഭീമനായ എക്‌സോണ്‍ മൊബിലിന്റെ മേധാവിയായിരുന്നത് കൊണ്ട് പശ്ചിമേഷ്യയെ സ്വബോധത്തോടെ കച്ചവട കണ്ണിലൂടെയെങ്കിലും കാണാന്‍ പറ്റുന്ന ആളായിരുന്നു വിദേശ കാര്യ സെക്രട്ടറി റെക്‌സ് റ്റില്ലേഴ്‌സന്‍. സ്വാഭാവികമായും റ്റില്ലേഴ്‌സനെ പറഞ്ഞു വിട്ടു. പോവുന്ന പോക്കില്‍ ട്രംപിനെ മന്ദബുദ്ധിയെന്ന് വിളിക്കാനും റ്റില്ലേഴ്‌സന്‍ മറന്നില്ല.

പകരം വന്ന പഴയ സി.ഐ.എ ഡയറക്റ്റര്‍ മൈക് പോംപിയോ ഇറാനുമായുള്ള ആണവ കരാര്‍ തോട്ടില്‍ കളയണമെന്ന് പണ്ടേ പറഞ്ഞിട്ടുള്ള ആളാണ്. പോരെങ്കില്‍ അറു വഷളനും പിന്തിരിപ്പനുമായ ഒരുപാട് ആശയങ്ങളുടെ പേരില്‍ പോംപിയോ നേരത്തേ കുപ്രസിദ്ധനുമാണ്. കാലാവസ്ഥാ വ്യതിയാനത്തെ നിഷേധിക്കുന്ന, പീഡനമുറകളെ പ്രോല്‍സാഹിപ്പിക്കുന്ന, LGBT അവകാശങ്ങളെയും ലിംഗസമത്വത്തേയും തുറന്നെതിര്‍ക്കുന്ന, നിരന്തരമായി വംശീയ പ്രസ്താവനകളിറക്കുന്ന, ഇസ്ലാമോഫോബിക് ആയ ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തുന്ന പോംപിയോയും ട്രംപും made for each other ആണെന്ന് മാത്രം പറയാം.

ജോണ്‍ ബോള്‍ട്ടണ്‍

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെക്മാസ്റ്ററെ മാറ്റി അറിയപ്പെടുന്ന യുദ്ധ ഭ്രാന്തനും ഇറാന്‍ വിരുദ്ധനുമായ ജോണ്‍ ബോള്‍ട്ടണെ നിയമിച്ചു. രണ്ടു പേരെയും പുറത്താക്കിയതിന് പിന്നില്‍ അവരുടെ ഇറാന്‍ വിഷയത്തിലെ “വേണ്ടത്ര തീവ്രത പോരാത്ത” നിലപാടുകളായിരുന്നു. ഇറാന്‍ വിഷയത്തില്‍ റ്റില്ലേഴ്‌സണുമായുള്ള അഭിപ്രായ വ്യത്യാസം ട്രംപ് തുറന്നു പറഞ്ഞു. താന്‍ മുന്നോട്ട് വെക്കുന്ന ഭ്രാന്തന്‍ ലോകക്രമം നടപ്പിലാക്കുന്നതിന് തടസ്സമാണെന്ന് തോന്നിയ എല്ലാവരേയും പുറത്താക്കി.

ഇസ്രായേലിലേക്കുള്ള അമ്പാസഡറായി നിയമിച്ചത് മറ്റൊരു സയണിസ്റ്റും തീവ്ര വലതുപക്ഷക്കാരനുമായ ഡേവിഡ് ഫ്രഡ്മാനെയായിരുന്നു. ബാങ്ക്‌റപ്റ്റ്‌സി കേസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അഭിഭാഷകനായ ഫ്രഡ്മാന്‍ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റത്തിന് നേരിട്ട് പണം സംഭാവന ചെയ്ത വ്യക്തിയാണ്. പലസ്തീനികളോട് പരമ പുച്ഛം പുലര്‍ത്തുന്ന ഫ്രഡ്മാന്‍ ഗാസാ അഭയാര്‍ത്ഥികളെ ഈജിപ്തിലേക്ക് അയക്കുകയാണ് വേണ്ടതെന്ന് പോലും അഭിപ്രായപ്പെട്ടിട്ടുണ്ട് !

ഫ്രഡ്മാന്‍ അമ്പാസഡര്‍ ആകാന്‍ യോഗ്യനല്ലെന്ന് ഇസ്രായേലിലെ 5 പഴയ അമേരിക്കന്‍ അമ്പാസഡര്‍മാര്‍ ഒപ്പു വെച്ച കത്തില്‍ ആവശ്യപ്പെട്ടെങ്കിലും ട്രംപ് തള്ളി. പഴയ ബിസിനസ് ബന്ധങ്ങളും തീവ്ര സയണിസ്റ്റ് ആശയങ്ങളും എതിര്‍പ്പുകളെ തള്ളാന്‍ ട്രംപിനെ പ്രേരിപ്പിച്ചു.

സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പശ്ചാത്തലവും സമാനമാണ്. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ തൊട്ട് ഇസ്ലാമോഫോബിയയുടെ പ്രചാരണത്തിനായി നിരന്തരം നുണ പടച്ചുവിടുന്ന ഗേറ്റ് സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വരെയുള്ള എല്ലാ തീവ്ര വലതുപക്ഷ സംഘങ്ങളുടേയും ഭാഗമാണ് ബോള്‍ട്ടണ്‍. മുസ്ലിം വിദ്വേഷം വളര്‍ത്താനായി പച്ച നുണകള്‍ പടച്ചു വിട്ട ഗേറ്റ് സ്റ്റോണ്‍ പല തവണ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും നിര്‍ബാധം പ്രവര്‍ത്തനം തുടരുന്നു.

പലസ്തീന്‍ രാഷ്ട്രമെന്ന ആശയം തന്നെ ഒരു തന്ത്രം മാത്രമാണെന്നാണ് ബോള്‍ട്ടന്റെ പക്ഷം. കൂട്ട നശീകരണായുധങ്ങള്‍ നിയന്ത്രിക്കാനുള്ള യു എന്നിന്റെ പല നിര്‍ണായക നീക്കങ്ങളെയും അമേരിക്കന്‍ പ്രതിനിധിയായി അട്ടിമറിച്ചെന്നതാണ് ബോള്‍ട്ടന്റെ ഏറ്റവും വലിയ സംഭാവന. ഇറാഖ് യുദ്ധത്തിനായുള്ള നുണപ്രചാരണങ്ങള്‍ ഏറ്റുപിടിച്ചവരില്‍ മുന്‍ പന്തിയിലായിരുന്നു ബോള്‍ട്ടന്റെ സ്ഥാനം.

ജാരദ് ക്രൂഷ്‌നര്‍

ഇറാനില്‍ ഭരണമാറ്റത്തിനായി സായുധ മാര്‍ഗം ലക്ഷ്യമിടുന്ന നിഗൂഡ സംഘമായ “മുജാഹിദീന്‍ ഹലഖ്” ന്റെ പണം ബോള്‍ട്ടണ്‍ പറ്റിയെന്ന് സ്ഥിരീകരിക്കപ്പെട്ടതാണ്. ബാങ്ക്‌റപ്റ്റ്‌സി കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ഫ്രഡ്മാന്‍ തങ്ങള്‍ മുന്നോട്ട് വെക്കുന്ന പാലസ്തീന്‍ കരാറും ഒരു ബാങ്ക്‌റപ്റ്റ്‌സി സെറ്റില്‍മെന്റാണെന്ന് സ്വകാര്യമായി സമ്മതിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് പൊളിഞ്ഞ് പാപ്പരായ പലസ്തീനികള്‍ ഗതികേട് മൂലം ഒപ്പിടേണ്ട കരാര്‍ !

അറിയപ്പെടുന്ന സയണിസ്റ്റ് തീവ്രവാദിയായ മരുമകന്‍ ജാരദ് ക്രൂഷ്‌നറെ ഉപദേഷ്ടാവായി തുടക്കത്തിലേ കൂട്ടിയത് കാര്യങ്ങള്‍ എളുപ്പമാക്കി. പൂര്‍ണമായ സയണിസ്റ്റ് താല്‍പര്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള പശ്ചിമേഷ്യന്‍ റോഡ് മാപ്പാണ് അതി വേഗം നടപ്പിലാക്കുന്നത്. മേഖലയിലെ ജനാധിപത്യ മുന്നേറ്റങ്ങളെ ചോരയില്‍ മുക്കി കൊല്ലുക, ബദല്‍ ശാക്തിക ചേരിയുടെ ന്യൂക്ലിയസ് ആയ ഇറാനെ തകര്‍ക്കുക എന്നതാണ് പ്രധാന കര്‍മ പരിപാടികള്‍.

മനുഷ്യന്റെ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിലെ നിര്‍ണായക കണ്ണിയാണ് ഇറാന്‍. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള അതിന്റെ ബൗദ്ധിക ശേഷിയും രാഷ്ട്രീയ വൈവിധ്യവും ഒരിക്കലും പുറം ലോകം വിലയിരുത്തുന്നത് പോലെ ഏകശിലാ രൂപത്തിലുള്ളതായിരുന്നില്ല, ഇന്നും അങ്ങനെയല്ല.

സങ്കുചിത മത വ്യാഖ്യാനങ്ങളെ അടിസ്ഥാനപ്പെടുത്തിയ ശിയാ വംശീയ താല്‍പര്യങ്ങള്‍ നാട്ടിലും പുറത്തും ഹിംസാത്മകമായി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന മത പൗരോഹിത്യ നേതൃത്വവും അവരുടെ ഗുണ്ടാ ക്വട്ടേഷന്‍ സംഘമായ റിപബ്‌ളിക്കന്‍ ഗാര്‍ഡും, മത പണ്ഡിതനും പഴയ പ്രസിഡന്റുമായിരുന്ന മുഹമ്മദ് ഖാതമിയെ പോലുള്ള പരിഷ്‌കരണ വാദികള്‍, മിര്‍ ഹുസൈന്‍ മൂസവിയെ പോലുള്ള വിപ്ലവ പോരാളികള്‍, അറബ് വസന്തത്തിന് പോലും പ്രചോദനമായ ഗ്രീന്‍ മൂവ്‌മെന്റ് പോലുള്ള മുന്നേറ്റങ്ങളില്‍ അണി നിരന്ന ലക്ഷങ്ങള്‍…. അങ്ങനെ നിരവധിയായ വ്യത്യസ്ത ചിന്താ ധാരകളുടെ ആകെത്തുകയാണ് ഇറാന്‍.

അവിടെയുള്ള ജനാധിപത്യം പാതി വെന്തതാണ്. അതിന്റെ പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ ശക്തിപ്പെടുത്താനായി വര്‍ഷങ്ങള്‍ ശ്രമിച്ച ഇറാനികളുടെ നീക്കങ്ങളെ ഇനിയും തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ലെന്ന യൂറോപ്യന്‍ രാജ്യങ്ങളുടേയും ഒബാമ ടീമിന്റെയും തിരിച്ചറിവിന്റെ ഫലമായിരുന്നു ആണവ കരാര്‍. നയതന്ത്ര രംഗത്ത് ഒറ്റപ്പെട്ടു കിടക്കുന്ന ഇറാനെ പുറം ലോകവുമായി ബന്ധിപ്പിക്കാനുള്ള പാലമായിരുന്നു ആണവ കരാര്‍.

ഈ പാലം തകര്‍ത്ത് വംശീയ രാഷ്ട്രീയ ധാരകള്‍ മേല്‍കൈ നേടുന്ന ഇറാനെ തിരിച്ച് പിടിക്കേണ്ടത് ഇസ്രായേല്‍-സൗദി-യു.എ.ഇ അച്ചുതണ്ടിന്റെ ആവശ്യമാണ്. Regime change അഥവാ ഭരണമാറ്റം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതും ഇറാനെ മറ്റൊരു സിറിയ ആക്കാനാണ്.

ഉന്നത മൊസാദ് ഉദ്യോഗസ്ഥനായിരുന്ന ഹയിം തോമര്‍ ജറൂസലേം പോസ്റ്റിനോട് വളച്ചു കെട്ടില്ലാതെയാണ് കാര്യങ്ങള്‍ പറഞ്ഞത് – “ഭരണ മാറ്റം എളുപ്പമല്ല…പക്ഷേ ഭരണമാറ്റം നടത്തുന്നതില്‍ [നമ്മള്‍] വിജയിച്ചില്ലെങ്കിലും പ്രശ്‌നമില്ല ….ഇറാനികള്‍ തമ്മില്‍ പോരാടുന്നതാണ് ഭേദം !” ഇതിനായി മൊസാദിന്റെ നേതൃത്വത്തില്‍ നിഗൂഡ പ്രവര്‍ത്തനങ്ങള്‍ ഒരു പാട് ചെയ്യാനാവുമെന്നും തോമര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. ഇങ്ങനെ പരസ്പരം പോരാടി ഇല്ലാതാവുന്ന ഇറാനാണ് ലക്ഷ്യം.

വാഷിങ്ടണിലും പശ്ചിമേഷ്യയിലും വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തെടുത്ത കൃത്യമായ മെഷിനറി ഇന്ന് നിലവിലുണ്ട്. അറിയപ്പെടുണ വംശീയ വാദികളും യുദ്ധ കൊതിയന്‍മാരുമായ മൈക് പോംപിയോയും ജോണ്‍ ബോള്‍ട്ടണും നേതൃത്വം നല്‍കുന്ന “യുദ്ധ കാബിനറ്റ്” ഏതറ്റം വരെ പോകാനും തയ്യാറാണ്.

മുഹമ്മദ് ബിന്‍ സല്‍മാനും മുഹമ്മദ് ബിന്‍ സായിദും യൂസുഫ് അല്‍ ഒതയ്ബയുമെല്ലാം ഒറ്റക്കെട്ടായാണ് നീങ്ങുന്നത്. തിരിച്ചടികളും പരാജയങ്ങളും പ്രശ്‌നമല്ല. സ്വയം ഇല്ലാതാവുന്നത് വരെ ഭ്രാന്ത് തുടരും. ഖത്തര്‍, യമന്‍, ലബനാന്‍….. പാളിപ്പോയ ലിസ്റ്റിന്റെ നീളം പിന്തിരിപ്പിക്കുന്നില്ല. ജറൂസലേമിലേക്ക് തലസ്ഥാനം മാറ്റിയതും സമാധാന കരാര്‍ എന്ന പേരില്‍ പലസ്തീന് മരണ വാറണ്ടിറക്കിയതുമെല്ലാം ടെസ്റ്റ് ഡോസുകളായിരുന്നു. യഥാര്‍ത്ഥ ലക്ഷ്യം ഭരണ മാറ്റം എന്ന പേരില്‍ ഇറാനെ മറ്റൊരു സിറിയ ആക്കി മാറ്റലാണ്.

ട്രംപ്-കിം ഉച്ചകോടിയും ഉത്തര കൊറിയയുമായി ധൃതി പിടിച്ചു നടത്തുന്ന നയതന്ത്ര നീക്കങ്ങളും ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ഇറാനുമായുള്ള ആണവ കരാര്‍ ഒപ്പു വെക്കുന്നതിന് വിവിധ രാജ്യങ്ങളും നേതാക്കളുമായി വര്‍ഷങ്ങള്‍ നീണ്ട നയതന്ത്ര നീക്കങ്ങള്‍ നടന്നിരുന്നു. അങ്ങനെയുള്ള നയതന്ത്ര നീക്കങ്ങളൊന്നും സിംഗപ്പൂര്‍ ഉച്ചകോടിക്ക് മുമ്പായി നടന്നിട്ടില്ല. രണ്ട് പേരും ചേര്‍ന്ന് തയ്യാറാക്കിയ വാര്‍ത്താ കുറിപ്പില്‍ കൃത്യമായ വിശദാംശങ്ങളുമില്ല; ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവനകളാണ് ആകെയുള്ളത്.

ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയൊരു പി ആര്‍ നീക്കം മാത്രമാണിത്. മറ്റൊന്നുമില്ലെങ്കിലും അമേരിക്കക്ക് വരെ നേരിട്ട് ഭീഷണിയായ അത്യാധുനിക ആയുധങ്ങളുള്ള വലിയൊരു ശക്തിയാണ് ഉത്തര കൊറിയ. അതില്‍ അണുവായുധങ്ങളും പെടും. ജനങ്ങളോടോ നിയമ സംവിധാനത്തോടോ മറ്റേതെങ്കിലും ശക്തിയോടോ യാതൊരു വിധ ബാധ്യതയും ഉത്തരവാദിത്തവും ഇല്ലാത്ത കിമ്മിനെ വരുതിയിലാക്കാന്‍ പാടാണ്. നിഗൂഡതയും ദുരൂഹതയും മുഖമുദ്രയാക്കിയ ഉത്തര കൊറിയന്‍ ഭരണ കൂടത്തെ പ്രകോപിക്കുന്നത് നഷ്ടം മാത്രമായിരിക്കും.

പക്ഷേ ഇറാന്‍ അങ്ങനെയല്ല. ദുര്‍ബലമായ ഇറാനെ ഉപരോധവും പരിമിതമായ തോതിലുള്ള യുദ്ധവും വഴി തന്നെ ഇഞ്ചിഞ്ചായി നശിപ്പിക്കാം. സമാധാനം ആഗ്രഹിക്കുന്ന ഉത്തര കൊറിയന്‍ അയല്‍ വാസികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഇറാനെ നശിപ്പിക്കാനായി ഏതറ്റം വരെയും പോവാന്‍ തയ്യാറായി നില്‍ക്കുന്ന അയല്‍വാസികളാണ്. ഉത്തര കൊറിയയുടെ അയല്‍ വാസികള്‍ കൂടുതലും ജനാധിപത്യ ഭരണകൂടങ്ങളാണെങ്കില്‍ അങ്ങനെയുള്ള “ബാധ്യതകള്‍” ഇല്ലാത്തവരാണ് ഇറാനെതിരെ കരുക്കള്‍ നീക്കുന്ന അയല്‍ വാസികള്‍.

സ്വാഭാവികമായും ട്രംപിനും യുദ്ധ കാബിനറ്റിനും ഏറ്റവും പ്രായോഗികവും ബുദ്ധിപരവുമായ നീക്കം സമാധാന വേഷം കെട്ടി കിമ്മിനെ കെട്ടിപ്പിടിക്കുന്നതാണ്. കിമ്മിനാണെങ്കില്‍ ഇതൊരു ലാഭ കച്ചവടം മാത്രമാണ്. വെറുതേ കിട്ടിയ സമാധാന ഇമേജ് മാത്രമല്ല, കുറേ കാലത്തേക്കെങ്കിലും അമേരിക്കയുടെ ശല്യം ഒഴിവാക്കുകയും ചെയ്യും.

ട്രംപിനും കൂട്ടര്‍ക്കും സ്വസ്ഥമായി ഇറാനെതിരായ കാര്യ പരിപാടികളിലേക്ക് കടക്കാം, അതും ബാക്കിയുള്ളവരുടെ ചിലവില്‍ ! വിദേശ ശക്തികളെ എന്നും ആട്ടിയോടിച്ച പാരമ്പര്യമുള്ള ഇറാനികള്‍ ഇനിയും അത് തന്നെ ചെയ്‌തോളും. പക്ഷേ അതിനിടക്ക് എത്ര ജീവനും സ്വത്തും നഷ്ടപ്പെടും എന്നതാണ് ചോദ്യം.