ഷി എന്നാല്‍ ഷി ചിന്‍പിങ്? പുതിയ വകഭേദത്തിന് എന്തുകൊണ്ട് ഗ്രീക്ക് അക്ഷരമാലയിലെ 13, 14 അക്ഷരങ്ങള്‍ നല്‍കിയില്ല; വീണ്ടും ചര്‍ച്ചയായി പാന്‍ഡമിക് പൊളിറ്റിക്‌സ്
ജനീവ: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ച കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകം മുഴുവന്‍ വലിയ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും വകഭേദത്തിന് ഒമിക്രോണ്‍ എന്ന പേര് നല്‍കിയതിന് പിന്നിലെ ‘രാഷ്ട്രീയ’വും ചര്‍ച്ചയായിരിക്കുകയാണ്.
ഗ്രീക്ക് അക്ഷരമാലയിലെ 15ാമത് അക്ഷരമായ ഒമിക്രോണ്‍ എന്ന പേര് പുതിയ വകഭേദത്തിന് നല്‍കിയ ലോകാരോഗ്യസംഘടനയുടെ തീരുമാനമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ചോദ്യം ചെയ്യപ്പെടുന്നത്. വൈറസ് വകഭേദങ്ങള്‍ക്ക് ഗ്രീക് അക്ഷരമാലയില്‍ നിന്നുമാണ് സാധാരണ പേരിടാറുള്ളത്.
നിലവില്‍ അക്ഷരമാലയിലെ ആദ്യ 12 അക്ഷരങ്ങളും മറ്റ് വൈറസ് വകഭേദങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. എന്നാല്‍ 13, 14 സ്ഥാനങ്ങളിലുള്ള അക്ഷരങ്ങളെ മാറ്റിവെച്ച് എന്തുകൊണ്ടാണ് ലോകാരോഗ്യസംഘടന 15ാമത് നില്‍ക്കുന്ന ഒമിക്രോണ്‍ എന്ന പേര് പുതിയ കൊവിഡ് വകഭേദത്തിന് നല്‍കിയത് എന്നാണ് ഉയരുന്ന ചോദ്യം.
സമൂഹമാധ്യമങ്ങളില്‍ ലോകാരോഗ്യസംഘടനയുടെ ഈ ‘രാഷ്ട്രീയനീക്കം’ സംബന്ധിച്ച് വിവിധ തിയറികളും ഉയര്‍ന്ന് വരുന്നുണ്ട്. നു (Nu), ഷി (Xi) എന്നീ അക്ഷരങ്ങളാണ് യഥാക്രമം ഗ്രീക്ക് അക്ഷരമാലയില്‍ 13, 14 സ്ഥാനങ്ങളിലുള്ളവ.
ഇതില്‍ നു എന്നത് ന്യൂ (New) എന്ന വാക്കുമായി തെറ്റിദ്ധരിക്കപ്പെടാമെന്നതിനാല്‍ ഡബ്ല്യു.എച്ച്.ഒ ഒഴിവാക്കിയതായിരിക്കാം എന്നതാണ് ഒരു പ്രധാന തിയറി. എന്നാല്‍ 14ാമത് അക്ഷരമായ ‘ഷി’യെ ചുറ്റിപ്പറ്റിയാണ് പ്രധാന രാഷ്ട്രീയ ആരോപണമുയരുന്നത്.
ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ ഷി ചിന്‍പിങിന്റെ (Xi Jinping) പേരിന്റെ ഭാഗമായതിനാലാണ് ഷി എന്ന അക്ഷരം പുതിയ വകഭേദത്തിന് ന്ല്‍കാതിരുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം. ചൈനീസ് സര്‍ക്കാരുമായി ഒരു തരത്തിലും ഉരസല്‍ ഉണ്ടാകാതിരിക്കാന്‍ ലോകാരോഗ്യസംഘടന മനപൂര്‍വം ഒമിക്രോണ്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഷി എന്നത് ചൈനീസ് പേരുകളില്‍ വ്യാപകമായി കാണുന്ന വാക്കായതിനാല്‍ ഒരു രാജ്യത്തിന്റെ വികാരത്തെ വൃണപ്പെടുത്താതിരിക്കാന്‍ വൈറസ് വകഭേദത്തിന് ആ പേര് നല്‍കാതിരുന്നതാണെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.