പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ താന്‍ ബ്രസീലിയന്‍ ക്ലബ്ബിലേക്ക് ക്ഷണിക്കാന്‍ പോവുകയാണെന്ന് ലോക പ്രശസ്ത ഗായകന്‍ നാല്‍ദോ ബെന്നി. താന്‍ വരുന്ന ദിവസം സൗദി അറേബ്യ സന്ദര്‍ശിക്കുന്നുണ്ടെന്നും അവിടെ വെച്ച് റോണോയെ കാണുമ്പോള്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ലമിങ്കോയില്‍ കളിക്കാന്‍ ആവശ്യപ്പെടുമെന്നും ബെന്നി പറഞ്ഞു.
‘ഞായറാഴ്ച ഞാന്‍ അറേബ്യയില്‍ പോകുന്നുണ്ട്. അവിടെ വെച്ച് ഞാന്‍ ക്രിസ്റ്റ്യാനോയെ കാണും. 2016ല്‍ അദ്ദേഹം റയല്‍ മാഡ്രിഡില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ കണ്ടിരുന്നു. ഞങ്ങള്‍ തുടര്‍ന്ന് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നു. എനിക്കിപ്പോള്‍ അങ്ങോട്ടേക്ക് ക്ഷണമുണ്ട്. അവിടെ വെച്ച് ഇക്കാര്യം അവതരിപ്പിക്കുകയാണ് എന്റെ ലക്ഷ്യം,’ ബെന്നി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി രണ്ട് വര്‍ഷത്തെ കരാറില്‍ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയതെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റോണോയുടെ പ്രകടനം അല്‍ നസറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നതായിരുന്നില്ല.
എന്നാല്‍, സൗദി പ്രോ ലീഗില്‍ അല്‍ റഅ്ദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ റൊണാള്‍ഡോയാണ് ഓപ്പണിങ് നടത്തിയത്. കളിയുടെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റോണോ ഗോള്‍ വലയിലെത്തിച്ചത്.
ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളില്‍ അല്‍ നസര്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ അല്‍ ആലാമിക്കെതിരെ ആദ്യ ഗോള്‍ നേടി ക്ലബ്ബിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചതോടെ താരത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു.
സൗദി പ്രോ ലീഗില്‍ ബുധനാഴ്ച്ച നടന്ന മത്സരത്തിലും അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ തായിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. അല്‍ ആലാമിക്കായി റൊണാള്‍ഡോയും ടലിസ്‌കയും ഓരോ ഗോള്‍ വീതം നേടി.
സൗദി പ്രോ ലീഗില്‍ ഇതുവരെ നടന്ന 27 മത്സരങ്ങളില്‍ നിന്ന് 18 ജയവും 60 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.
മെയ് 24ന് അല്‍ ശബാബിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.