എന്റെ പ്രസ്താവന ബി.ജെ.പി വളച്ചൊടിച്ചു: മണി ശങ്കര്‍ അയ്യര്‍
India
എന്റെ പ്രസ്താവന ബി.ജെ.പി വളച്ചൊടിച്ചു: മണി ശങ്കര്‍ അയ്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 2:00 pm

ന്യൂദല്‍ഹി: പാകിസ്ഥാനുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. ഇന്ത്യയുടെ കൈവശം മാത്രമല്ല പാകിസ്ഥാന്റെ അടുത്തും ആറ്റം ബോംബുണ്ടെന്നും , അവര്‍ക്കും പ്രത്യാക്രമണത്തിന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ ബി.ജെ.പി സത്യത്തെ വളച്ചൊടിക്കുകയായിരുന്നെന്നും താന്‍ പറഞ്ഞ കാര്യങ്ങളല്ല അവര്‍ ഉന്നയിക്കുന്നതെന്നും അയ്യര്‍ പറഞ്ഞു.

‘എന്റെ പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങളല്ല അവര്‍ ആരോപിക്കുന്നത്. അവര്‍ സത്യത്തെ വളച്ചൊടിക്കുകയാണ്. പാകിസ്താനുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങളെ അവര്‍ മറ്റൊരു രീതിയിലേക്ക് വഴി തിരിച്ചു വിടുകയാണ്,’ മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

പാകിസ്ഥാന്റെ പക്കല്‍ ആറ്റം ബോംബുണ്ട്. നമ്മുടെ പക്കലുമുണ്ട്. എന്നാല്‍ ഒരു ഭ്രാന്തന് ലാഹോറിന് മുകളില്‍ ബോംബ് വര്‍ഷിക്കാന്‍ തോന്നിയാല്‍ അതിന്റെ റേഡിയേഷന്‍ അമിത്സറിലെത്താന്‍ 8 സെക്കന്റ് പോലും വേണ്ടിവരില്ല. സ്വന്തം സൈനിക ശേഷി വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കുന്ന സമയം സമാധാനത്തോടെയുള്ള സംസാരങ്ങള്‍ക്ക് തയ്യാറാകണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. അത് രാജ്യത്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയമാക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതിര്‍ത്തി കടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഏതൊരു ഭീകരനെയും വധിക്കാന്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നിരവധി ബി.ജെ.പി നേതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് മണി ശങ്കര്‍ അയ്യരുടെ പരാമര്‍ശം.

പാകിസ്ഥാനോടുള്ള കോണ്‍ഗ്രസിന്റെ സ്‌നേഹമാണ് മണി ശങ്കര്‍ അയ്യരുടെ പ്രസ്താവനയില്‍ കാണുന്നത് എന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. മോദിയുടെ ഇന്ത്യയെ മനസിലാക്കാതെയുള്ള പരാമര്‍ശമാണ് അയ്യര്‍ ഉന്നയിക്കുന്നതെന്നും ബി.ജെ.പി പറഞ്ഞിരുന്നു. പുല്‍വാമയിലേയും പുഞ്ചിലെയും ഭീകരാക്രമണങ്ങളില്‍ പാകിസ്ഥാന് ക്ലീന്‍ ചീട്ട് കൊടുക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേത് എന്നും, അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മണി ശങ്കര്‍ അയ്യരുടെ പ്രസ്താവന എന്നുമായിരുന്നു ബി.ജെ.പി യുടെ പ്രതികരണം.

Content Highlight: My speech was distorted; Mani Sanker Aiyer