മലപ്പുറത്തുള്ള മുസ്‌ലിം വിധവയാണെങ്കില്‍ ധനസഹായം കിട്ടും; ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആനുകൂല്യമില്ല; കേരളത്തിലും വര്‍ഗീയ കാര്‍ഡിറക്കി ബി.ജെ.പി എം.പി
ന്യൂദല്‍ഹി: കേന്ദ്ര ഫണ്ടുകള്‍ തരം മാറ്റി സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം പ്രീണനം നടത്തുകയാണെന്ന് ബി.ജെ.പി എം.പി മീനാക്ഷി ലേഖി. കേരള സര്‍ക്കാര്‍ മലപ്പുറത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും മീനാക്ഷി ലേഖി ആരോപിച്ചു.
മലപ്പുറത്തുള്ള മുസ്‌ലിം വിധവയാണെങ്കില്‍ ധനസഹായം കിട്ടുമെന്നും മലപ്പുറം ജില്ലയ്ക്കുള്ളിലോ പുറത്തോ ഉള്ള ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് ആനുകൂല്യം കിട്ടില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. മുസ്‌ലിങ്ങള്‍ക്ക് കിട്ടുന്ന സഹായം മറ്റ് മതസ്ഥര്‍ക്ക് കിട്ടുന്നില്ല എന്ന വര്‍ഗീയ പരാമര്‍ശവും മീനാക്ഷി ലേഖി നടത്തി.
കേന്ദ്ര സര്‍ക്കാരിന്റെ ലേബല്‍ മാറ്റി ആനുകൂല്യങ്ങളുടെ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തമാക്കുകയാണ് എന്നും അവര്‍ പറഞ്ഞു. കിറ്റുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും മീനാക്ഷി ലേഖി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംസ്ഥാന ബി.ജെ.പിയിലെ തര്‍ക്കങ്ങളില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച മീനാക്ഷി ലേഖി ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കിയവര്‍ അവരുടെ വിജയ സാധ്യത വിലയിരുത്തട്ടെയെന്നും പറഞ്ഞു.
‘പാര്‍ട്ടി പുതുമുഖങ്ങളെ പരീക്ഷിക്കും, സീറ്റ് ലഭിച്ചില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് അര്‍ഹതയില്ലെന്നോ നിങ്ങളെ വിലമതിക്കുന്നില്ലെന്നോ അല്ല. ടിക്കറ്റ് ഒരു ഘടകം മാത്രമാണ്, കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാക്കുകളെ വിശ്വസിക്കുന്നു.
ശബരിമല വിഷയത്തിന്റെ പ്രതിഫലനം കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും, ജനങ്ങളുടെ അവകാശത്തെയും വിശ്വസത്തെയും സംരക്ഷിച്ച ബി.ജെ.പിക്ക് ഇത് ഗുണം ചെയ്യും,” മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.