തിരുവനന്തപുരം: ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ്. ഏക സിവില്‍ കോഡിനെ രാഷ്ട്രീയപരമായും നിയമപരമായും എതിര്‍ക്കുമെന്നും ലീഗിന്റെ യോഗത്തില്‍ തീരുമാനിച്ചതായി പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അടങ്ങുന്ന നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പാര്‍ട്ടി ശക്തിയോടെ എതിര്‍ക്കും. രാഷ്ട്രീയപരമായും നിയമപരമായും ഇതിനെ എതിര്‍ക്കും. ഏക സിവില്‍ കോഡ് ഭരണഘടനാവിരുദ്ധമാണെന്നാണ് ഞങ്ങള്‍ മനസിലാക്കിയത്.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കാലത്ത് മറ്റൊരു അജണ്ട കൊണ്ടുവരികയാണെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. അവര്‍ക്ക് മറ്റൊരു നേട്ടവും പറയാനില്ലാത്തത് കൊണ്ട് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലൂടെ ബില്ല് കൊണ്ട് വന്ന് തെരഞ്ഞെടുപ്പ് അജണ്ടയാക്കുകയാണ്.
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചെയ്ത ഒരു കാര്യവും ഇല്ല. മണിപ്പൂരില്‍ പോലും ഒരു അഭിപ്രായം പറയാത്ത, മിണ്ടാതിരുന്ന പ്രധാനമന്ത്രിയാണിപ്പോള്‍ ഇത് പ്രശ്നമാക്കി കൊണ്ടു വന്നത്. സീറോ നേട്ടം കൈവരിച്ച സര്‍ക്കാര്‍ ആളുകളെ വിഡ്ഢിയാക്കുന്ന നടപടിയാണ് ഇത്. അത് വളരെ ശക്തിയായി പാര്‍ട്ടി എതിര്‍ക്കും,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായ സമീപനമാണ് പ്രധാനമന്ത്രി ഇന്നലെ സ്വീകരിച്ചതെന്നും പ്രധാനമന്ത്രിയുടെ പ്രസ്തവാനയില്‍ പ്രതിഷേധമുണ്ടെന്ന് സാദിഖലി തങ്ങളും പറഞ്ഞു.
‘ഭരണഘടനാവിരുദ്ധമായ സമീപനമാണ് ഇന്നലെ പ്രധാനമന്ത്രി സ്വീകരിച്ചത്. അത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇന്ന് മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി ഓണ്‍ലൈനായി ചേര്‍ന്നു. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ അടക്കമുള്ളവര്‍ അതില്‍ സംവദിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് അങ്ങേയറ്റത്തെ പ്രതിഷേധമുണ്ട്.
രാജ്യത്തിന്റെ നിലവിലുള്ള എല്ലാ വ്യവസ്ഥിതിക്കും എതിരാണ് അദ്ദേഹം ഇന്നലെ പറഞ്ഞിട്ടുള്ളത്. ഇവിടെ നിലവിലുള്ള നിയമങ്ങള്‍ പാലിച്ച് കൊണ്ട് തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. ഭരണഘടന ഏകസിവില്‍ കോഡിനെ അംഗീകരിക്കുന്നില്ലെന്നത് പ്രസ്താവ്യമാണല്ലോ.
അതൊക്കെ മറികടന്ന്‌കൊണ്ട് പുതിയ ശ്രമങ്ങള്‍ നടത്തുന്നത് രാജ്യത്തിനേല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. അതില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോകണമെന്നുള്ള അഭിപ്രായമാണ് ഞങ്ങള്‍ക്ക്. അതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാന്‍ മുസ്‌ലിം ലീഗ് പ്രതിജ്ഞാബന്ധമാണെന്ന തീരുമാനമാണ് ഇന്ന് ഉണ്ടായത്,’ തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന് മോദി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മുസ്‌ലിം ലീഗിന്റെ ദേശീയ നേതാക്കളുടെ യോഗം ചേര്‍ന്നത്. സാദിഖലി തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജൂണ്‍ 30ന് വിപുലമായ യോഗം വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് എറണാകുളത്ത് ക്രിസ്ത്യന്‍ സംഘടനകളടക്കമുള്ള ന്യൂനപക്ഷ വിഭാദഗങ്ങളുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
ഏക സിവില്‍ കോഡിനെ നിയമപരമായി ചോദ്യം ചെയ്യുക, രാഷ്ട്രീയപരമായി എതിര്‍ക്കുകയെന്നതാണ് ലീഗിന്റെ തീരുമാനം. ഏക സിവില്‍ കോഡ് മുസ്‌ലിങ്ങളെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തെയും ബാധിക്കുമെന്ന് പൊതു സമൂഹത്തെ അറിയിക്കാന്‍ വിപുലമായി സംഘടിപ്പിക്കുമെന്നും ലീഗ് പറഞ്ഞു.
പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിവില്‍ കോഡ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതാണെന്നുമാണ് മോദി ഇന്നലെ പറഞ്ഞത്.
‘ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം എന്നും മോദി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഏക വ്യക്തി നിയമം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഒരു കുടുംബത്തിലെ ഓരോരുത്തര്‍ക്കും വ്യത്യസ്ത നിയമം ശരിയാണോ.
കൂടാതെ മുത്തലാഖ് മൂലം കുടുംബങ്ങള്‍ ദുരിതത്തിലാകുന്നു. ഇസ്‌ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖിന് എതിരാണ്. മുസ്ലിം സ്ത്രീകള്‍ തനിക്കൊപ്പമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതും ആരാണെന്ന് മു സ്‌ലിം സമുദായം തിരിച്ചറിയണം.
പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി മുസ്‌ലിം സ്ത്രീകളോട് അനീതി കാണിക്കുകയാണ്. എല്ലാവരുടെയും വികസനമാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയം,’ എന്നാണ് മോദി പറഞ്ഞത്.
content highlights: muslim league against uniform civil code