മുഷീര്‍ ഖാനും രഹാനെയും തകര്‍ത്തു; രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ മികച്ച ലീഡില്‍
Sports News
മുഷീര്‍ ഖാനും രഹാനെയും തകര്‍ത്തു; രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ മികച്ച ലീഡില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th March 2024, 6:37 pm

രഞ്ജി ട്രോഫി ഫൈനലില്‍ ടോസ് നേടിയ വിദര്‍ഭ ഫീല്‍ഡ് ചൂസ് ചെയ്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ മുംബൈ 224 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ വിദര്‍ഭ 105 റണ്‍സിനും തകര്‍ന്നു. നിലവില്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മുംബൈ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയിട്ടുണ്ട്.

മുംബൈ ഓപ്പണിങ് കൂട്ടുകെട്ടില്‍ പൃഥ്വി ഷായെ 11 റണ്‍സിന് യാഷ് താക്കൂര്‍ വീഴ്ത്തിയപ്പോള്‍ ഭൂപന്‍ ലാല്‍വാനിയെ 18 റണ്‍സിന് ഹര്‍ഷ് ദുബെയും വീഴ്ത്തി. എന്നാല്‍ ഏറെ അമ്പരപ്പിച്ചത് ശേഷം ഇറങ്ങിയ മുഷീര്‍ ഖാനും ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനയുമാണ്. മുഷീര്‍ 135 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ അടക്കം 51 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ രഹാനെ 109 പന്തില്‍ നിന്ന് ഒരു സിക്‌സറും നാല് ഫോറും അടക്കം 58 റണ്‍സ് നേടിയാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിലവില്‍ മുംബൈ 260 റണ്‍സിന്റെ തകര്‍പ്പന്‍ ലീഡില്‍ മുന്നോട്ടു പോവുകയാണ്. വിദര്‍ഭയുടെ ബൗളര്‍മാര്‍ ഏറെ വിയര്‍ക്കുന്നതും കാണാം. രണ്ടാം ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ വിദര്‍ഭ 50 ഓവര്‍ എറിഞ്ഞിട്ടുണ്ട്.

 

വിദര്‍ഭയുടെ ആദ്യത്തെ ഇന്നിങ്‌സില്‍ ഓപ്പണര്‍ അഥര്‍വ തായിദ് 23 റണ്‍സ് നേടി തുടക്കം കുറച്ചു. 60 പന്ത് നേരിട്ട് രണ്ട് ബൗണ്ടറി നേടിയ താരത്തിന്റെ വിക്കറ്റ് ധവാല്‍ കുല്‍കര്‍ണ്ണിയാണ് നേടിയത്. മധ്യനിരയില്‍ ആദിത്യ താക്കറെ 69 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറി അടക്കം 19 റണ്‍സും യാഷ് റാത്തോഡ് 63 പന്തില്‍ നിന്ന് 27 റണ്‍സും നേടി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു.

ശേഷം യാഷ് താക്കൂര്‍ 29 പന്ത് നേരിട്ട് 16 റണ്‍സ് നേടിയപ്പോഴേക്കും വിദര്‍ഭയുടെ കാര്യം തീരുമാനമായിരുന്നു. വിദര്‍ഭയുടെ നാലു താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. ഏറെ പ്രതീക്ഷ നല്‍കിയ ഒരു താരങ്ങള്‍ക്കും കാര്യമായി റണ്‍സ്‌കോര്‍ ചെയ്തു ടീമിനെ മുന്നോട്ടു നയിക്കാന്‍ സാധിച്ചില്ല.

Content Highlight: Musheer Khan And Ajinkya Rahane Get Fifty In Ranji Trophy Final