തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റദ്ധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാനായില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ വിശദമാക്കുകയായിരുന്നു അദ്ദേഹം.
2015 നേക്കാള്‍ നേട്ടം കൈവരിക്കാന്‍ ആയെങ്കിലും പ്രതീക്ഷിച്ച വിജയം കോണ്‍ഗ്രസ് ഉണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ വിലയിരുത്തിയതായി മുല്ലപ്പള്ളി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആളുണ്ടാവും. പക്ഷെ പരാജയം അനാഥമാണ്. വീഴ്ചയെക്കുറിച്ച് ആത്മവിമര്‍ശനമാണ് വേണ്ടത് ഒളിച്ചോട്ടമല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പൊതുരാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ വേണ്ട വിധത്തില്‍ ചര്‍ച്ചയാക്കപ്പെട്ടില്ല. കൂടുതല്‍ ഐക്യത്തോടെയും കൂട്ടുത്തരവാദിത്തത്തോടെയും മുന്നോട്ട് പോകാനാണ് യോഗത്തില്‍ തീരുമാനിച്ചത്.
2010ലെ തെരഞ്ഞെടുപ്പ് മാറ്റിനിര്‍ത്തിയാല്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഒരിക്കലും ഞങ്ങള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആ ആര്‍ത്ഥത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന ഇടതുപക്ഷവും തെരഞ്ഞെടുപ്പില്‍ പണത്തിന്റെ ഒഴുക്ക് തന്നെയാണ് സൃഷ്ടിച്ചത്.
ജനുവരി 6, 7 തീയതികളില്‍ രാഷ്ട്രീയകാര്യ സമിതിയുടെ അംഗങ്ങള്‍, എം. പിമാര്‍ എം.എല്‍.എമാര്‍ ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരുടെ വളരെ വിശദമായ യോഗം തിരുവനന്തപുരത്ത് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 22ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആ ബ്ലോക്ക് കമ്മിറ്റിയില്‍ ഉണ്ടായ കാര്യങ്ങളെ വിലയിരുത്താന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിച്ചില്ലെന്ന പൊതുവിലയിരുത്തല്‍ യോഗത്തിലുണ്ടായി. യു.ഡി.എഫ് ഭരണകാലത്ത് ക്ഷേമ പെന്‍ഷനുകള്‍, ആരോഗ്യമേഖലയില്‍ കൊണ്ട് വന്നിട്ടുള്ള നേട്ടങ്ങള്‍ എന്നിവ ഈ സര്‍ക്കാരിനെ അപേക്ഷിച്ച് എത്രയോ മുന്‍പന്തിയിലായിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിച്ചു. ഇത് ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്ന കാര്യം ആത്മവിമര്‍ശനം എന്ന നിലയില്‍ പരിശോധിച്ച് പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക