തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേരളത്തെക്കുറിച്ച് തങ്ങളെക്കാള്‍ നന്നായി അറിയാമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹം കൃത്യമായി തന്നെ അന്ന് പറഞ്ഞിരുന്നെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട പോലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടരുതെന്ന നിര്‍ദേശം രാഹുല്‍ നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി
മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘രാഹുല്‍ ഗാന്ധിക്ക് കേരളത്തെക്കുറിച്ച് ഞങ്ങളെക്കാള്‍ നന്നായി അറിയാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു. അത് ലഭിക്കാന്‍ സ്രോതസ്സുകളുണ്ടല്ലോ.
ഇങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകാന്‍ പറ്റില്ല എന്നു പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് മുഖ്യ പരാജയകാരണം. അതുകൊണ്ട് ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി, ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി എന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ല എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അതു പൂര്‍ണ്ണമായും ശിരസാവഹിച്ചുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. പുതിയ തലമുറയ്ക്കു മികച്ച പ്രാതിനിധ്യം കൊടുക്കും. സ്ത്രീകള്‍ക്കു നല്ല പ്രാതിനിധ്യം കൊടുത്തേ പറ്റുകയുള്ളു. പിന്നാക്ക സമുദായങ്ങള്‍ക്ക് അവഗണിക്കപ്പെട്ടുവെന്ന വല്ലാത്ത ധാരണയുണ്ട്.
അവരുടെ അസംതൃപ്തി പൊട്ടിത്തെറിയുടെ വക്കിലെത്തിയിട്ടുണ്ട്.
അതുപോലെ തന്നെ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവര്‍, ഇവര്‍ക്കെല്ലാം തന്നെ അര്‍ഹമായ പ്രാതിനിധ്യം കൊടുത്തുകൊണ്ടുള്ള ഒരു പട്ടികയായിരിക്കും തയ്യാറാക്കുക. അതില്‍ കഴിവും കാര്യശേഷിയും മാത്രമായിരിക്കും മാനദണ്ഡം, മുല്ലപ്പള്ളി പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് കോണ്‍ഗ്രസിന് എപ്പോഴും പ്രശ്‌നമാകാറ്, എന്താകും ഇത്തവണത്തെ അവസ്ഥ എന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ മുന്‍പൊക്കെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രചരിക്കാറുണ്ടായിരുന്നെന്നും പക്ഷേ, എവിടെയെങ്കിലും ഇന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യം സംബന്ധിച്ച് ഇത്തവണ ഒരു നേതാവിന്റെ ഭാഗത്തുനിന്നുപോലും വിദൂരമായ സൂചനപോലും മാധ്യമങ്ങള്‍ക്കു കിട്ടിയിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
ഇത് ഞങ്ങള്‍ എ.ഐ.സി.സിക്ക് കൊടുത്ത വാക്കാണ്. രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം ഹസ്സനും ഞാനുമാണ് പങ്കെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയാണ് അന്ന് നടന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് എത്രയും വേഗം വരുമെന്നു പ്രതീക്ഷിച്ചാണ് ഞങ്ങള്‍ നീങ്ങുന്നത്. ഏപ്രില്‍ പകുതിയോടെ തെരഞ്ഞെടുപ്പുണ്ടായേക്കും. അതിനുവേണ്ട എല്ലാ തയ്യാറെടുപ്പുകളിലും ഞങ്ങള്‍ പൂര്‍ണ്ണമായി മുഴുകിയിരിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കു കുറച്ചു ശ്രദ്ധക്കുറവുണ്ടായി. ഞങ്ങള്‍ താഴേക്കു കൊടുത്ത നിര്‍ദ്ദേശമനുസരിച്ചുള്ള, അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികളെയല്ല മിക്കയിടത്തും മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പു മാനേജ്‌മെന്റ് മൊത്തത്തില്‍ വളരെ മോശമായിരുന്നു. റിബലുകളെ പൂര്‍ണ്ണമായും പിന്മാറ്റുന്ന കാര്യത്തിലൊന്നും വിജയിച്ചില്ല. കുറച്ചുകൂടി നേട്ടമുണ്ടാക്കാമായിരുന്നു എന്നൊക്കെ കണക്കുകള്‍ വെച്ച് വേണമെങ്കില്‍ പറയാം. പക്ഷേ, എന്തു പറഞ്ഞാലും ലഭിച്ചത് നല്ല വിജയമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരു മികച്ച വിജയമാണ്, മിന്നുന്ന വിജയമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം അത്രയ്ക്ക് അനുകൂലമായിരുന്നു. അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ എല്ലാ പഴുതുകളും അടച്ചുകൊണ്ടു നേരിടുക എന്നതുതന്നെയാണ് ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും പ്രധാന ലക്ഷ്യം. അതിന് പാര്‍ട്ടി സര്‍വ്വസജ്ജമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക