'അവിടെ ഡി.വൈ.എഫ്.ഐ. ഉണ്ടായിരുന്നെങ്കില്‍ ഗുജറാത്ത് വംശഹത്യ നടക്കില്ലായിരുന്നു'; ഡി.വൈ.എഫ്.ഐ. വേദിയില്‍ മമ്മൂട്ടിയുടെ പഴയ പ്രസ്താവന ഓര്‍മ്മിപ്പിച്ച് മുകേഷ്
കൊല്ലം: മുമ്പ് ഒരുപാട് ചര്‍ച്ചയായ മമ്മൂട്ടിയുടെ പഴയ പ്രസ്താവന ഇപ്പോള്‍ സത്യമാണെന്ന് ജനം തിരിച്ചറിയുന്നു എന്ന് നടനും എം.എല്‍.എയുമായ എം. മുകേഷ്. ഗുജറാത്തിലെ വംശഹത്യയെ അപലപിച്ച മമ്മൂട്ടിയുടെ ഒരു പ്രസ്താവനയാണ് സ്ത്രീധനത്തിനെതിരായ ഡി.വൈ.എഫ്.ഐ. സമരവേദിയില്‍ മുകേഷ് ഓര്‍മ്മിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സ്ത്രീധന ഭാരത്താല്‍ തൂക്കിക്കൊല്ലാനുള്ള സ്ത്രീജീവിതങ്ങള്‍ എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ. നടത്തിയ ‘യുവജന ജാഗ്രതാ സദസ്സില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗുജറാത്തില്‍ ഡി.വൈ.എഫ്.ഐ. ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും നടക്കില്ല എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ ഒരുപാട് പേര്‍ അന്ന് അദ്ദേഹത്തെ ചീത്തവിളിച്ചു.’ മുകേഷ് പറഞ്ഞു.
മമ്മൂട്ടി പറഞ്ഞത് നൂറ് ശതമാനം സത്യമാണ്. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഇപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഡി.വൈ.എഫ്.ഐക്ക് ആകുന്നുവെന്ന് മുകേഷ് പറഞ്ഞു. നമ്മുടെ സഹോദരി, അല്ലെങ്കില്‍ മകള്‍. എനിക്ക് മകള്‍ എന്നു പറയാം. ഇങ്ങനെയൊരു സ്ഥലത്തേക്കാണോ നമ്മള്‍ കെട്ടിച്ച് അയക്കേണ്ടത് എന്ന് മുകേഷ് ചോദിച്ചു. നമ്മള്‍ വളരെ ഗൗരവത്തോടെ ചിന്തിച്ച് ഇതിനെതിരെ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലെ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാകുകയുള്ളൂവെന്ന് നേരത്തെ ഡിവൈ.എഫ്.ഐ. വേദിയില്‍ നടന്‍ സലീം കുമാര്‍ പറഞ്ഞിരുന്നു.
കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും വിസ്മയയുടെ ഭര്‍ത്താവിന് ലഭിക്കുന്ന അതേ ശിക്ഷയ്ക്ക് താനും അര്‍ഹനാണെന്നും സലീം കുമാര്‍ പറഞ്ഞു.
ഓരോ പെണ്‍കുട്ടിയും മരിച്ചുവീഴുമ്പോഴും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ എല്ലാം മറന്നുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 4 മാസത്തിനുള്ളില്‍ 1080ഓളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്യുന്നത്.
ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ്. കൊവിഡിന് വാക്‌സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.