അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിനുള്ള ടീമിനെ നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഓസ്‌ട്രേലിയയേയും ദക്ഷിണാഫ്രിക്കയേയും നേരിടും.
ഓസ്‌ട്രേലിയക്കെതിരെ ട്വന്റി-20 പരമ്പരയും ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയും ട്വന്റി-20 പരമ്പരയും കളിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ പേസ് ബൗളര്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു.
ലോകകപ്പ് ടീമിന്റെ റിസേര്‍വ് പ്ലെയേഴ്‌സിലാണ് ഷമിക്ക് അവസരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഓസീസിനെതിരെ പ്രധാന ടീമിലുള്ള ഷമിക്ക് ട്വന്റി-20യില്‍ തന്നെകൊണ്ട് ഇനിയും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കാനുള്ള അവസരമായിരുന്നു.
എന്നാല്‍ ഷമി ഇപ്പോള്‍ കൊവിഡ് പോസിറ്റീവാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ . ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ആദ്യ മത്സരത്തിന്റെ വേദിയായ മൊഹാലിയില്‍ അദ്ദേഹം ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല.
ഷമിക്ക് പകരം ഇന്ത്യന്‍ ടീം പരിഗണിക്കുന്നത് വെറ്ററന്‍ താരമായ ഉമേഷ് യാദവിനെയാണെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷമി തിരിച്ചുവരുമോ ഇല്ലയോ എന്ന് പരിഗണിച്ചായിരിക്കും ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.
കുറച്ചു നാളുകള്‍ക്ക് മുമ്പാണ് ഉമേഷ് യാദവ് ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിയെത്തിയത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ മിഡില്‍സെക്‌സിനായി കളിക്കുന്ന അദ്ദേഹം പരിക്ക് കാരണമായിരുന്നു ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി വിരലില്‍ എണ്ണാവുന്ന ടി-20 മാത്രം കളിച്ചിട്ടുള്ള ഉമേഷ് നിലവിലെ സെറ്റപ്പുമായി ഫിറ്റ് ആകുമോ എന്ന് കണ്ടറിയണം.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരയിലും ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ അദ്ദേഹം കളിക്കുമോ എന്ന് കണ്ടറിയണം. ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് ട്വന്റി-20 സ്‌ക്വാഡിലേക്ക് വിളി വരുന്നത്. എന്നാല്‍ അതിലും കളിക്കാന്‍ ഷമിക്ക് പറ്റില്ലെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.