പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാന്‍; വില വര്‍ധവ് ജനങ്ങളെ ബാധിക്കില്ലെന്നും എം.ടി രമേശ്
Kerala News
പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാന്‍; വില വര്‍ധവ് ജനങ്ങളെ ബാധിക്കില്ലെന്നും എം.ടി രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 8:36 pm

കൊച്ചി: കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ഏര്‍പ്പെടുത്തിയത് ജനങ്ങളെ ബാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില കുറയുന്നത് കൂടി മുന്നില്‍ക്കണ്ടാണ് അധിക നികുതിയെന്നും രമേശ് വ്യക്തമാക്കി. ഇലക്ട്രോണിക് വാഹന മേഖലയ്ക്ക് പ്രോത്സാഹനം നല്‍കി രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നതാണ് കേന്ദ്രനയമെന്നും രമേശ് പറഞ്ഞു.

‘രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറയ്ക്കാനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്. അതുകൊണ്ടാണ് ഇലക്ട്രോണിക് വാഹന മേഖലയ്ക്ക് നികുതി ഇളവ് നല്‍കുന്നത്. ഈ രണ്ടു കാരണങ്ങള്‍ മൂലം ഇന്ധനവില ജനങ്ങളെ കാര്യമായി ബാധിക്കില്ല’- എം.ടി രമേശ് പറഞ്ഞു.

പ്രളയ പശ്ചാത്തലത്തില്‍ ബജറ്റില്‍ കേരളത്തോട് അവഗണന കാണിച്ചില്ലെന്നും രമേശ് പറഞ്ഞു. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടത് ബജറ്റിലല്ല, വിദഗ്ധ സംഘം വന്ന് പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ചുഴലിക്കാറ്റില്‍ കേരളത്തേക്കാളേറെ നാശനഷ്ടങ്ങളുണ്ടായ ഒഡിഷയ്ക്കും ബിഹാറിനും പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും എം.ടി.രമേശ് കൂട്ടിച്ചേര്‍ത്തു.

കേരളത്തോട് അനുഭാവം കാണിക്കാത്ത ബജറ്റാണ് രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പെട്രോള്‍-ഡീസല്‍ വില രണ്ടുരൂപ കണ്ട് വര്‍ധിക്കുന്നു. രണ്ടിനും ഓരോ രൂപ വീതം. ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്. വിദൂര സ്ഥലങ്ങളില്‍നിന്ന് ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിന് ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന അമിതഭാരമാവും.

മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമാണ് ചരക്കുകടത്തു കൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടി. കേരളം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുക കൂടിയാണ്’- മുഖ്യമന്ത്രി പറഞ്ഞിരുന്നു.