ചെന്നൈ: ഐ.പി.എല്ലില്‍ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ചെന്നൈയുടെ ജനപ്രീതിയ്ക്ക് ഏറ്റവും വലിയ കാരണം മഹേന്ദ്രസിംഗ് ധോണിയെന്ന ക്യാപ്റ്റനാണ്. 2008 ല്‍ ആദ്യ ഐ.പി.എല്‍ മുതല്‍ ചെന്നൈയുടെ നായകപദവിയിലാണ് ധോണി.
ധോണിയ്ക്ക് കീഴില്‍ നാല് കിരീടങ്ങളും ചെന്നൈ നേടിയിട്ടുണ്ട്.
എന്നാല്‍ പ്രഥമ ഐ.പി.എല്ലില്‍ ചെന്നൈ ധോണിയെ ആയിരുന്നില്ല ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നതെന്ന് മുന്‍ താരം എസ്. ബദരീനാഥ് പറയുന്നു. വെടിക്കെട്ട് ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗിനെയായിരുന്നു ചെന്നൈ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നോക്കിയിരുന്നത്.
എന്നാല്‍ ഹോം ഫ്രാഞ്ചൈസിയായിരുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം നില്‍ക്കാനായിരുന്നു സെവാഗിന്റെ ആഗ്രഹം.
‘ഡല്‍ഹിയില്‍ കളിക്കാനുള്ള സെവാഗിന്റെ തീരുമാനത്തോട് ഒടുവില്‍ ചെന്നൈ മാനേജ്‌മെന്റ് അനുകൂല നിലപാടു സ്വീകരിച്ചു. ഇതിനു തൊട്ടുമുന്‍പാണ് ഇന്ത്യ 2007 ടി-20 ലോകകപ്പ് ജയിച്ചത്. ഇതോടെയാണ് ടീം മാനേജ്‌മെന്റ് ധോണിയുമായി കരാറിലെത്താന്‍ തീരുമാനിച്ചത്,’ ബദരീനാഥ് പറഞ്ഞു.
റെക്കോഡ് തുകയ്ക്കാണ് ധോണിയെ ചെന്നൈ ടീമിലെത്തിച്ചത്. ആദ്യ സീസണില്‍ തന്നെ ഫൈനലിലെത്താനും ചെന്നൈയ്ക്കായി.