കൊച്ചി: സിനിമ-സീരിയല്‍ നടന്‍ ഷിജുവിനെതിരെ മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ നടപടിയുമായി ചലച്ചിത്ര ആസ്വാദകരുടെ ഫേസ്ബുക്ക് പേജ് ആയ മൂവി സ്ട്രീറ്റ്.
ഷിജുവിനെപ്പറ്റി വന്ന പല പോസ്റ്റുകളും മൂവി സ്ട്രീറ്റിന്റെ പേജില്‍ മുമ്പ് ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ഇതുവഴി അയാളുടെ ഇമേജ് ബൂസ്റ്റ് ചെയ്യപ്പെടുകയും അയാള്‍ ചെയ്ത ചൂഷണങ്ങള്‍ മറച്ചുവെയ്ക്കാന്‍ ഒരു സ്‌പേസ് ആകുന്നത് തടയാന്‍ തീരുമാനിച്ചുവെന്നും മൂവി സ്ട്രീറ്റ് വക്താക്കള്‍ പറഞ്ഞു.
തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ രേവതി സമ്പത്തിനോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പേജ് വക്താക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഷിജുവിനെതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയത്. പട്നഗര്‍ എന്ന സിനിമയില്‍ അഭിനയിക്കവേ സെറ്റിലെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തേണ്ടി വന്നപ്പോള്‍ പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് രേവതി പറഞ്ഞിരുന്നു.
രാജേഷ് ടച്ച്റിവര്‍, ഷിജു അടക്കമുള്ളവര്‍ തന്നെ മാപ്പ് പറയാന്‍ പ്രേരിപ്പിച്ചുവെന്നും വിസമ്മതിച്ചപ്പോള്‍ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചെന്നും രേവതി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം.
‘സെറ്റില്‍ പലപ്പോഴും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നും, സെക്ഷ്വല്‍ /മെന്റല്‍ /വെര്‍ബല്‍ അബ്യൂസുകളെ എതിര്‍ത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ പലപ്പോഴും ഹറാസ്‌മെന്റുകള്‍ നേരിടേണ്ടി വന്നിരുന്നു. ഒരു ദിവസം തിരിച്ചു സംസാരിക്കേണ്ടി വന്നതിന്റെ അന്ന് രാത്രി 2 മണിയോടടുത്ത് ഹേമന്ത് രമേശ് എന്ന അസിസ്റ്റന്റ് ഡയറക്ടര്‍ മുറിയിലെത്തി വിളിച്ചു. രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി,’ രേവതി പറയുന്നു.
അവിടെ രാജേഷ് ടച്ച്റിവര്‍, ഷിജു, തുടങ്ങി ചിലര്‍ മദ്യപിക്കുകയായിരുന്നുവെന്നും തന്നെ കുറ്റവിചാരണ ചെയ്യാനും മെന്റലി ടോര്‍ച്ചര്‍ ചെയ്യാനുമായിരുന്നു അവര്‍ വിളിച്ചതെന്നും രേവതി പറഞ്ഞു.
‘എന്തുകൊണ്ട് സെറ്റില്‍ ശബ്ദമുയര്‍ത്തി, പുതുമുഖങ്ങള്‍ക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാന്‍ നിര്‍ബന്ധിച്ചതിന്റെ മുന്നില്‍ ഷിജുവായിരുന്നു. എനിക്ക് ഞാന്‍ ചെയ്തതില്‍ അങ്ങേയറ്റം ശരി ആണെന്നും, ഇനിയും ഇങ്ങനെ ഉണ്ടായാല്‍ ശബ്ദം ഉയര്‍ത്തുമെന്നും, മാപ്പ് പോയിട്ട് ഒരു കോപ്പും ഞാന്‍ പറയില്ല എന്നറിഞ്ഞപ്പോള്‍ അവസാനം അയാള്‍ എന്തൊക്കെയോ എന്നെ നോക്കി പുലമ്പി. എന്നിട്ട് Go and fuck yourself എന്ന് അലറിയതും അയാളാണ്. മാപ്പ് പറയിപ്പിക്കാന്‍ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങള്‍ ചെയ്തു. രാജേഷ് ടച്ച്‌റിവര്‍ എന്ന ഊളയെ സംരക്ഷിക്കാന്‍ ഈ ഷിജുവും, ഹേമന്തും,ഹര്‍ഷയും തുടങ്ങി കുറെയണ്ണം ഉണ്ടായിരുന്നു’, രേവതി ഫേസ്ബുക്കിലെഴുതി.