CAA Protest
പിയുഷ് ഗോയലിനേയും ബി.ജെ.പി ഉപാധ്യക്ഷനേയും തള്ളി ബോളിവുഡ് താരങ്ങള്‍; പൗരത്വനിയമവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 06, 06:44 am
Monday, 6th January 2020, 12:14 pm

മുംബൈ: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റേയും ബി.ജെ.പി വൈസ് പ്രസിഡണ്ട് ബൈജയന്ത് ജയ് പാണ്ടേയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ നിരവധി ബോളിവുഡ് താരങ്ങള്‍. പൗരത്വഭേഗതി നിയമത്തിനെതിരെ നിലനില്‍ക്കുന്ന പ്രചരണങ്ങളും യാഥാര്‍ത്ഥ്യങ്ങളും എന്ന വിഷയത്തെ കുറിച്ചായിരുന്നു യോഗം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ സംഘടിപ്പിച്ച ചര്‍ച്ചക്ക് ശേഷം ഇവര്‍ വിരുന്നും നടത്തിയിരുന്നു. എന്നാല്‍ ക്ഷണം ലഭിച്ചിട്ടും ഗാനരചയിതാവും തിരകഥാ കൃത്തുമായ ജാവേദ്അക്തര്‍ അടക്കം നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തില്ല. വിക്കി കൗഷല്‍, ആയുഷ്മാന്‍ ഖുറാന, ബോണി കപൂര്‍, കങ്കണ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരും തന്നെ പരിപാടിക്കെത്തിയിരുന്നില്ല.

നടി റിച്ച ചന്ദയും സിനിമ നിര്‍മ്മാതാവായ കബിര്‍ ഖാനും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല മുംബൈയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുകയും ചെയ്തു.

സ്വരഭാസ്‌ക്കര്‍, അനുരാഗ് കശ്യപ്, സുശാന്ത് സിംഗ്, നിഖില്‍ അദ്വാനി തുടങ്ങിയവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി.

യോഗത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ പ്രതികരിച്ചു. താരങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയായിരുന്നില്ല ഇതിന്റെ പ്രാഥമിക ലക്ഷ്യമെന്നും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംശയങ്ങള്‍ സാധൂകരിക്കുകയെന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

റിതേഷ് സിദ്വാനി, കുനാല്‍ കോഹ്‌ലി, പ്രസൂണ്‍ ജോഷി, ഷാന്‍, കൈലാഷ് ഖേര്‍, അനു മാലിക്, റണ്‍വീര്‍ ഷൊറെ, ഉര്‍വ്വശി റൗട്ടേല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ