ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി പരിക്കില്‍ നിന്നും മുക്തി നേടിക്കൊണ്ട് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഷമി പരിശീലനം നടത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പരിശീലനത്തില്‍ ബൗള്‍ ചെയ്യുന്നതിന് പകരം ബാറ്റ് ചെയ്യുന്ന ഷമിയെയാണ് കാണാന്‍ സാധിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഷമിയെ ആവേശത്തോടെയാണ് ആരാധകര്‍ നോക്കികണ്ടത്.
2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ആയിരുന്നു ഷമിക്ക് പരിക്കേറ്റിരുന്നത്. ഇതിന് പിന്നാലെ താരം എട്ട് മാസത്തോളം ക്രിക്കറ്റില്‍ നിന്നും പുറത്താവുകയായിരുന്നു. ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഷമി ഇന്ത്യയ്ക്കായി അവസാനം കളിച്ചത്.
ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി നടത്തിയിരുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും 5.26 എന്ന മികച്ച എക്കണോമിയില്‍ 24 വിക്കറ്റുകള്‍ ആയിരുന്നു താരം നേടിയിരുന്നത്.
ലോകകപ്പ് കഴിഞ്ഞതിന് ശേഷം നടന്ന ഇംഗ്ലണ്ടിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയുമുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഷമിക്ക് നഷ്ടമാവുകയായിരുന്നു. ഇതിനു പുറമെ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗും താരത്തിന് നഷ്ടമായി.
ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളും ശ്രീലങ്ക വിജയിക്കുകയായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യയോട് ഒരു ഏകദിന പരമ്പര വിജയിക്കുന്നത്.
ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. ഈ പരമ്പരയില്‍ ഷമി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിന് മുന്നോടിയായി താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്ന് ഷമി അടുത്തിടെ പറഞ്ഞിരുന്നു. രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി പന്തെറിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ഷമി പറഞ്ഞത്.
ഒക്ടോബര്‍ മാസത്തിലാണ് രഞ്ജി ട്രോഫിക്ക് തുടക്കം കുറിക്കുന്നത്.. നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ ഓസ്ട്രേലിയക്കെതിരെയും ഇന്ത്യക്ക് പരമ്പരയുണ്ട്. ബംഗാളിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലൂടെ വീണ്ടും ഇന്ത്യന്‍ ടീമിന്റെ ജേഴ്സി അണിയാന്‍ ഷമിക്ക് സാധിക്കും.
Content Highlight: Mohemmed Shami Batting Practice Video Viral On Social Media