ദൃശ്യം 2 ഒ.ടി.ടിയിലെത്തുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. തിയേറ്ററില്‍ വിജയം നേടുമെന്ന് വലിയ പ്രതീക്ഷകളുണ്ടായിരുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണമന്വേഷിക്കുകയാണ് സിനിമാലോകം. ആമസോണ്‍ വമ്പന്‍ തുകക്കാണ് ചിത്രം വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ ജീത്തു ജോസഫ് മറുപടി നല്‍കി. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ സത്യം പറയാലോ, പറഞ്ഞാല്‍ വിശ്വസിക്കില്ലായിരിക്കും. തുകയെ കുറിച്ച് ഞാന്‍ ചോദിച്ചിട്ടുമില്ല എന്നോട് ആന്റണി പറഞ്ഞിട്ടുമില്ല. ഞാന്‍ എന്തിനാണ് ചോദിക്കുന്നത്. അദ്ദേഹത്തിന് ഗുണമുണ്ട്. നല്ലൊരു വിലയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്രയേ ഉള്ളു. നാളെ ഇത് എത്രയുണ്ടെന്ന് പറയുമോയെന്ന് അറിയില്ല. അദ്ദേഹം പറയുകയാണെങ്കില്‍ അറിയാം.’ ജീത്തു ജോസഫ് പറഞ്ഞു.
കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലും തിയേറ്ററില്‍ റിലീസ് ചെയ്താലും ആളുകള്‍ വരാന്‍ മടിക്കുകയും ചെയ്യും എന്ന കാരണവും കൂടി കണക്കിലെടുത്താണ് ഒ.ടി.ടി റിലീസ് തീരുമാനിച്ചതെന്നും ജീത്തു ജോസഫ് പറഞ്ഞു. ഈ സാഹചര്യത്തില്‍ തിയേറ്റര്‍ റിലീസ് ചെയ്താല്‍ പൈറേറ്റഡ് കോപ്പികള്‍ ഇറങ്ങാനുള്ള സാധ്യതകളുണ്ടെന്നും ഇത് സിനിമയെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക പേജിലും മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലും രാത്രി 12 മണിക്ക് പുതുവര്‍ഷ സമ്മാനമായാണ് ദൃശ്യം 2 ടീസര്‍ എത്തിയത്. ജോര്‍ജുകുട്ടിയും കുടുംബവും ഉടന്‍ ആമസോണ്‍ പ്രൈമിലെത്തുമെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.
മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിയ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം. ചില രഹസ്യങ്ങള്‍ ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്തതാണ് പക്ഷേ കാലം ഏത് രഹസ്യവും പുറത്തുകൊണ്ടുവരും എന്ന് ടീസറില്‍ പറയുന്നു.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക