പുതുവര്‍ഷത്തില്‍ സര്‍പ്രൈസ് സമ്മാനവുമായി മോഹന്‍ലാല്‍. ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് ബറോസിലെ തന്റെ പുതിയ ലുക്കാണ് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. മൊട്ടയടിച്ച് നീട്ടിവളര്‍ത്തിയ താടിയും മുടിയും വെച്ചാണ് മോഹന്‍ലാല്‍ ബറോസിന്റെ പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘പുതിയൊരു വര്‍ഷം നമുക്ക് മുന്നിലേക്ക് ഉയരുകയാണ്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന ഏറ്റവും മൂല്യവത്തായ വര്‍ഷമായി ഇത് മാറട്ടെ,’ ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചു.
കൊവിഡിനെ തുടര്‍ന്ന് ബറോസിന്റെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. ഷൂട്ടിംഗ് പുനരാരംഭിച്ചതായി അറിയിച്ച് കഴിഞ്ഞ 26 ന് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരുന്നു. ക്യാമറമാനും അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ടീസറില്‍ ഉള്ളത്.
ബറോസ് ആയി എത്തുന്ന മോഹന്‍ലാലിന്റെ ഡയലോഗും ടീസറില്‍ ഉണ്ട്. നേരത്തെ കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
വാസ്‌കോഡ ഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ബറോസിന്റെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പായിരുന്നു ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിംഗ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് കൊവിഡും ലോക്ക്ഡൗണും എത്തിയത്. അതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു.
സിനിമയില്‍ നിന്നും പൃഥ്വിരാജ് നേരത്തെ പിന്‍മാറിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.
എന്നാല്‍ ഡേറ്റ് പ്രശ്നങ്ങള്‍ മൂലമാണ് ചിത്രത്തില്‍ നിന്നും പൃഥ്വി പിന്മാറിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വി. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കും. ശാരീരികമായ മാറ്റങ്ങള്‍ വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍ മാറ്റിവെക്കേണ്ടി വരുമെന്നും ഇക്കാരണങ്ങളാലാണ് ‘ബറോസില്‍’ നിന്നും പിന്മാറുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
ഗുരു സോമസുന്ദരവും ബറോസില്‍ പ്രധാനവേഷങ്ങളില്‍ ഒന്നില്‍ എത്തുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ ആണ്. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്‌കോഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.