തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്.
പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി കെ.സുധാകരനില്‍ നിന്ന് പുറത്ത് വരുന്നതെന്ന് മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാന്‍ ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡന്റിന് പല കാരണങ്ങളാല്‍ ആഗ്രഹമുണ്ടെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു വിഷയം വരുമ്പോള്‍ അങ്ങ് അതിനെ കുറിച്ച് പഠിച്ചു പോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ ഭംഗി? തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്‌ളൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ? എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും
എന്നാല്‍ കെ.പി.സി.സി അധ്യക്ഷന്‍ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി പി.ഡബ്ലൂ.ഡിയെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോള്‍ പ്രതികരിക്കാതെ തരമില്ലെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ ഫ്‌ളൈ ഓവര്‍ തകര്‍ന്ന സംഭവത്തിലായിരുന്നു പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള കെ. സുധാകന്റെ പ്രതികരണം.
പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികള്‍ ദിനംപ്രതി പുറത്തു വരുകയാണെന്നും ജനങ്ങളുടെ ജീവന്‍ അപകടത്തിലായിട്ടും എല്‍.ഡി.എഫിലെ ഘടകകക്ഷികളും സി.പി.ഐ.എം യുവജനസംഘടനകളും പിണറായി വിജയനെ ഭയന്ന് കുറ്റകരമായ മൗനം പാലിക്കുകയാണെന്നുമായിരുന്നു സുധാകരന്റെ വിമര്‍ശനം.
അല്‍പമെങ്കിലും രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
Content Highlights: Mohammad Riyaz responds to remarkK. Sudhakaran who blamed the pwd