Rafale Row
റാഫേല്‍: അദ്വാനിയെ മാതൃകയാക്കി മോദി രാജിവെക്കണം: തൊഗാഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 24, 02:25 am
Monday, 24th September 2018, 7:55 am

കൊച്ചി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കണമെന്ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത് (എഎച്ച്പി) അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. കേന്ദ്രമന്ത്രി പദത്തിലിരിക്കെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്വാനി രാജിവെച്ചിരുന്നുവെന്നും ഇതുപോലെ മോദിയും രാജിവെക്കണമെന്ന് തൊഗാഡിയ പറഞ്ഞു.

റഫേല്‍ കരാര്‍ തുക ഉയര്‍ന്നതിന്റെ കാരണം മോദി ജനങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. ഒരാഴ്ച മുമ്പുമാത്രം ഉണ്ടാക്കിയ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഒരു കമ്പനിയെ മാത്രം പിന്തുണച്ചതെന്നും തൊഗാഡിയ ചോദിച്ചു. റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

നരേന്ദ്ര മോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചുവെന്നും രാമക്ഷേത്രം നിര്‍മിക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളെല്ലാം ലംഘിച്ചുവെന്നും തൊഗാഡിയ പറഞ്ഞു. രാജ്യത്ത് 24 ലക്ഷം ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. രാമക്ഷേത്ര ആവശ്യമുയര്‍ത്തി ഒക്ടോബറില്‍ അയോധ്യ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തൊഗാഡിയ പറഞ്ഞു.