ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരങ്ങൾ ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. ഐ.പി.എല്ലിന്റെ പതിനാറാം സീസണിന്റെ തുടക്കത്തിലും കഴിഞ്ഞ വർഷത്തെ ടൈറ്റിൽ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.
എന്നാൽ ഐ.പി.എല്ലിൽ ഈ സീസണിൽ ഒരു തിരിച്ച് വരവ് സ്വപ്നം കാണുന്ന ദൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചിടത്തോളം ഒട്ടും ആവേശകരമായ രീതിയിലല്ല മത്സരങ്ങൾ മുന്നോട്ട് പോകുന്നത്. ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലഖ്നൗവിനെതിരെ 50 റൺസിന് ദൽഹി പരാജയം ഏറ്റുവാങ്ങിയിരുന്നു.
രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തിനോട് ആറ് വിക്കറ്റിനായിരുന്നു ദൽഹിയുടെ പരാജയം.
എന്നാൽ ക്യാപിറ്റൽസിന്റെ സ്റ്റാർ പേസറും ഓസിസ് താരവുമായ മിച്ചൽ മാർഷ് നാട്ടിലേക്ക് മടങ്ങിപ്പോകുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
തന്റെ വിവാഹത്തിനായി ഒരാഴ്ച്ചക്കാലത്തേക്കാണ് താരം ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നത്.
ദൽഹിയുടെ ബൗളിങ് നിരയിലെ ഒഴിച്ച് കൂട്ടാൻ കഴിയാത്ത സാന്നിധ്യമായ താരത്തിന്റെ നാട്ടിലേക്കുള്ള മടങ്ങിപ്പോ ക്ക് ടീമിന് തിരിച്ചടിയായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഇന്ത്യക്കെതിരെ കഴിഞ്ഞ മാർച്ച് മാസം നടന്ന ഏകദിന പരമ്പരയിൽ മിന്നും പ്രകടനം കാഴ്ചവെച്ച മാർഷ് ഇന്ത്യൻ പിച്ചുകളിൽ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ്.
പരമ്പരയിൽ പ്ലെയർ ഓഫ് ദ സീരിസ് പുരസ്കാരം സ്വന്തമാക്കിയ താരം ഓസീസിനായി അർധ സെഞ്ച്വറികളും സ്വന്തമാക്കിയിരുന്നു.
എന്നാൽ ബാറ്റ് കൊണ്ടും വിസ്മയം തീർക്കാൻ സാധിക്കുന്ന താരത്തിനെ ബൗളിങ് ഡിപ്പാർട്മെന്റിലേക്കാണ് ദൽഹി പ്രധാനമായും പരിഗണിക്കുന്നതെന്നും താരം വിവാഹത്തിന്റെ തിരക്കുകൾക്ക് ശേഷം പെട്ടെന്ന് ടീമിനൊപ്പം ചേരുമെന്നും ദൽഹിയുടെ ബൗളിങ് കോച്ചായ ജെയിംസ് ഹോപ്പ്സ് അഭിപ്രായപ്പെട്ടു.
“മാർഷ് കുറച്ച് മത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ വിവാഹമാണ്. ഏകദിന പരമ്പരയിൽ ഇന്ത്യക്കെതിരെ കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തിന് ആവർത്തിക്കാൻ കഴിയുന്നില്ലെന്നത് സത്യമാണ്. പക്ഷെ അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്,’ ജെയിംസ് ഹോപ്പ്സ് പറഞ്ഞു.
അതേസമയം ഏപ്രിൽ ഏഴിന് നടന്ന ഐ.പി. എൽ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.