ധൈര്യമായിരിക്കൂ, എല്ലാവരും ഒപ്പമുണ്ട്; ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് മന്ത്രി വി. ശിവന്‍കുട്ടി
Kerala News
ധൈര്യമായിരിക്കൂ, എല്ലാവരും ഒപ്പമുണ്ട്; ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് മന്ത്രി വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th June 2021, 3:34 pm

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്ത ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് തൊഴില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിച്ചത്.

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പോരാട്ടത്തില്‍ ഐഷ തനിച്ചല്ലെന്നും മന്ത്രി പറഞ്ഞു.

ധൈര്യമായി ഇരിക്കണമെന്നും എല്ലാവരും കൂടെയുണ്ടെന്നും മന്ത്രി ഐഷ സുല്‍ത്താനയോട് പറഞ്ഞു.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പമാണ്. ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നടപടിക്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലക്ഷദ്വീപ് സംബന്ധിച്ച വിഷയത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി.

ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചകളില്‍ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന്ഐഷ സുല്‍ത്താന പറഞ്ഞിരുന്നു.

ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ സംസ്‌കാരം ദ്വീപ് നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Minister V Sivankutty called Aisha Sulthana over phone and informed support