Advertisement
Daily News
ആത്മഹത്യാ പ്രേരണയുള്ളവര്‍ക്ക് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക വസ്ത്രം വേണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Apr 06, 04:28 am
Wednesday, 6th April 2016, 9:58 am

mental-hospital

കൊച്ചി: ആത്മഹത്യാ പ്രേരണയുള്ളവര്‍ക്ക് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക വസ്ത്രം വേണമെന്ന് കോടതി.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ആത്മഹത്യാപ്രേരണയുള്ളവരെ പാര്‍പ്പിക്കുമ്പോള്‍ ഉടുതുണിപോലും ജീവനെടുക്കാന്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളവര്‍ക്കായി പ്രത്യേക വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

അടിന്തര സാഹചര്യം ബോധ്യപ്പെട്ടാല്‍ അല്ലാതെ വസ്ത്രങ്ങള്‍ ഒഴിവക്കാന്‍ അനുവദിക്കരുതെന്ന് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

ആശുപത്രി സൂപ്രണ്ടിന്റെ അധ്യക്ഷതയിലുള്ള ഡോക്ടര്‍മാരുടെ സമിതി അംഗീകരിച്ചാല്‍ മാത്രമേ വസ്ത്രമൊഴിവാക്കാന്‍ അനുവദിക്കാവൂ. ഇത്തരം സാഹചര്യത്തില്‍ പരിചരണത്തിന് എതിര്‍ലിംഗത്തില്‍പ്പെട്ടവരെ നിയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ആത്മഹത്യാ പ്രേരണയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ അപകട സാധ്യതയില്ലാത്ത വസ്ത്രം തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ രൂപകല്‍പ്പന ചെയ്‌തെന്നും ജില്ലയിലെ അവലോകന സമിതി അംഗീകരിച്ചെന്നുമുള്ള റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന ഹൈക്കോടതി നടപടിയുടെ ഭാഗമായാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്റെ ഉത്തരവ്.

ജയിലുകളില്‍ നിന്ന് മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സയ്ക്ക് പോകുന്നവരെ രോഗം ഭേദമാകുമ്പോള്‍ തിരികെ സാധാരണ തടവുകാര്‍ക്കൊപ്പം വിടുമുന്‍പ് കുറച്ചുകാലം മാറ്റിപ്പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സ്ഥലം ലഭ്യമാണോ എന്ന് ജയില്‍ ഡി.ജി.പി അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.