നിശ്ശബ്ദമായ ആഴങ്ങളെ മലയാളി കൈയ്യൊഴിഞ്ഞുവോ? എത്ര പെട്ടെന്നാണ് നമ്മള്‍ ആളുകള്‍ക്ക് വിലയിടുന്നത്? വിലയിരുത്തി ചാപ്പ കുത്തുന്നത്? എത്ര പെട്ടെന്നാണ് ഒരാളിന്റെ വാക്കുകളെ കണ്ടില്ലെന്ന് നടിക്കുന്നത്?
സത്യത്തില്‍ അഷിത പറയാന്‍ ശ്രമിച്ചതെന്താണ് എന്നന്വേഷിക്കുന്നമ്പോള്‍ ആദ്യം ഈ ചോദ്യങ്ങളെ നാം അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. അഷിത പ്രത്യക്ഷാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ ജീവിയല്ല. പക്ഷേ അവരുടെ രചനകളില്‍ നിര്‍മ്മിക്കപ്പെട്ടതത്രയും നിശബ്ദതയുടെ ധ്വനികളായിരുന്നു. അതില്‍ പണിത ശില്പങ്ങളായിരുന്നു. വീടിനകത്തെ തടവും വാക്കുകളുടെ ബന്ധനവും ആണ് അവരുടെ ആദ്യകാല കഥയായ “ഒത്തുതീര്‍പ്പ്”മുതല്‍ അവസാനകാല കഥകളിലൊന്നായ “ശിവേനസഹനര്‍ത്തനം”വരെ. പരിഹാരമില്ലാത്ത സ്ത്രീ ജീവിതത്തിന്റെ അടിച്ചമര്‍ത്തലുകളുടെ ഗാഥ ഒരു കഥയായി പ്രച്ഛന്നവേഷം ധരിച്ച് നീന്തിയെത്തിയ ദൂരമാണ് പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യമുള്ള ഈ രണ്ടു കഥകള്‍. അവര്‍ ജീവിച്ചുതീര്‍ത്തതില്‍ നിറയെ നിശ്ശബ്ദതയുടെ ധ്വനികളായിരുന്നു. ഒച്ചയില്‍ വിശ്വസിച്ചിരുന്ന മലയാളി ഭാവുകത്വം അത് വേണ്ടവിധം ശ്രദ്ധിച്ചിട്ടില്ല. തടവില്‍, ഇരുട്ടില്‍ നിസ്സഹായമായ നിശ്ശബ്ദതയുടെ പ്രതിധ്വനികളെ ശ്രദ്ധിച്ചില്ല. ബാല്യത്തില്‍,കൗമാരത്തില്‍ തന്നെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചതിന് ചിത്തരോഗാശുപത്രി കൊണ്ട് മറുപടി പറഞ്ഞ സാമൂഹ്യാന്തരീക്ഷം എത്ര ഭീകരമാണ്. അഷിതഎം.എ ഇംഗ്ലീഷില്‍ ഒന്നാം റാങ്കുകാരിയായിരുന്നു. റാങ്കില്‍ നിന്ന് വീടിന്റെയും പുരുഷാധിത്യത്തിന്റെയും യാഥാസ്ഥിതിക പൈശാചികതയുടെ രാവണന്‍ കോട്ടയിലേക്കാണ് അവര്‍ എത്തിപ്പെട്ടത്. അഷിത കഥയില്‍ നിശബ്ദങ്ങമായി കരഞ്ഞത് കേരളത്തിലെ എല്ലാ സ്ത്രീ ജീവിതങ്ങള്‍ക്കും വേണ്ടിയായിരുന്നു. പേനയെടുക്കുമ്പോഴൊക്കെ കുടുംബ സാമൂഹ്യ യാഥാസ്ഥിതികത അവരെ ഓര്‍മ്മിപ്പിച്ചതിങ്ങനെയാണ്. നീ മാധവിക്കുട്ടിയൊ മറ്റോ ആവാന്‍ ശരമിച്ചാല്‍ ഞങ്ങള്‍ ചിത്താരോഗാശുപത്രിയിലേക്ക് കൊണ്ട് പോകും.
കുടുംബം ഏറ്റവും ഭയപ്പെട്ടത് അവരുടെ ഭാഷയ്ക്കു മേലെയായിരുന്നു. എഴുത്തുകാരികളെല്ലാം ഛ്‌ലൃലെഃലറ ആണ് എന്ന് അഷിതയുടെ അമ്മ ഭയത്തോടെ പറഞ്ഞു ( “അത് ഞാനായിരുന്നു”എന്ന അഷിതയുമായി ഞാന്‍ നടത്തിയ ഇന്റര്‍വ്യൂ പുസ്തകം ). അതും എഴുത്തില്‍ ശരീരമേ വരാതിരുന്ന ഒരെഴുത്തുകാരിയോടാണ്! മാധവിക്കുട്ടി ചെയ്ത “പാപ”ത്തിനുള്ള ശിക്ഷ അഷിത നിരന്തരം ഏറ്റുവാങ്ങി. എന്നിട്ടും കുടുംബത്തിനകത്ത് ബന്ധനത്തിലായ സ്ത്രീജീവിതത്തിന് അവര്‍ വാക്കുകള്‍ നല്‍കി. ആവിഷ്‌ക്കരിക്കാനുള്ള വാക്കിനായുള്ള നിശ്ശബ്ദ സമരമയിരുന്നു അത്. അത് എല്ലാ സ്ത്രീജീവിതങ്ങള്‍ക്കും വേണ്ടി നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനമായിട്ടാണ് ഞാന്‍ വായിച്ചിരുന്നത്. ഹിറ്റ്്ലറും മുസ്സോളിനിയും ചരിത്രത്തിലെ നിശ്ചല ഛായാചിത്രമല്ല. ഓരോ വീട്ടിലും ഒരു ഹിറ്റ്ലര്‍ കസേര വലിച്ചിടുന്നുണ്ട്. ഓരോ ഓഫീസിലും അതുണ്ട്.സമൂഹത്തിലെ ഫാസിസ്റ്റുകളെ പോലെ അവനവന്റെ ഉള്ളിലെ ഫാസിസത്തെയും നേരിടേണ്ടേ? ആ കഥകളെയാണ് നാം പലപ്പോഴും അഷിതയില്‍ കണ്ടെത്തുന്നത്.
Also Read ട്രൈബല്‍ വകുപ്പിനു കീഴിലുള്ള 40 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് അഞ്ചുമാസമായി ശമ്പളമില്ല
രണ്ടാമത്തെ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം കേരളീയ ജീവിതത്തെ കൂടുതല്‍ കുടുസ്സാക്കിതീര്‍ത്തുകൊണ്ടിരുന്ന മതയാഥാസ്ഥിതിക്കെതിരെയിട്ടാണ്. സംഘടിത മത ബലിഷ്ഠതകള്‍ക്കെതിരെ ആത്മീയാനുഭവത്തെ അവര്‍ പകരം വെച്ചു. മൂലധന താല്പര്യങ്ങളുമായും അധികാര ജീര്‍ണതകളുമായും രമ്യപ്പെട്ടു രാക്ഷസരൂപം കൊണ്ടുവന്ന മതരോഗങ്ങളെ അവര്‍ മുന്‍കൂട്ടി കണ്ടു. അതിന്റെ ഉപലബ്ധികളാണ് സര്‍ഗ്ഗാത്മകവും മതേതരവുമായ ആത്മീയ ചിന്തകളുടെ പരിഭാഷാപ്രവര്‍ത്തനം. “ശിവേനസഹനര്‍ത്തനം”എന്ന പേരില്‍ അവര്‍ ചെയ്ത വചനം കവിതകളുടെ പരിഭാഷ വരുന്ന കാലം, മതജീര്‍ണ്ണത മൂര്‍ച്ഛിക്കുന്നതിന് തൊട്ടു മുമ്പാണന്നോര്‍ക്കണം. അവര്‍ ആ കവിതാ പുസ്തകത്തില്‍ അക്കമഹാ ദേവിയെയും ബസവണ്ണയെയും അല്ലമപ്രഭുവിനെയുമൊക്കെ അണി നിരത്തി. തുടര്‍ന്ന് മറ്റ് പുസ്തകങ്ങളില്‍ മീരയെയും ജലാലുദ്ദീന്‍ റൂമിയെയും അണിനിരത്തി. വ്യക്തിക്കകത്തെ മാലിന്യങ്ങളെ വൃത്തിയാക്കുന്ന ഈ ജോലി രാഷ്ട്രീയ പ്രവര്‍ത്തനമായി കാണാന്‍ നമ്മുടെ യാഥാസ്ഥിതിക രാഷ്ട്രീയ ബോധം അനുവദിച്ചില്ല. അവരെ പൈങ്കിളി എഴുത്തുകാരി എന്ന് പോലും നമ്മുടെ അജ്ഞത മുദ്രകുത്താന്‍ ആവത് ശ്രമിച്ചു. അവരുടെ ചിത കത്തിയെരിയുന്ന സന്ദര്‍ഭത്തില്‍ പോലും സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകളിട്ട ചെറു സമൂഹത്തെ നാം കണ്ടു.
എഴുതാനുള്ള പേപ്പറിന് പോലും പൊരുതേണ്ടി വന്ന അഷിതയുടെ ജീവിതം ഭാവിയിലെ സാമൂഹ്യ പഠന പുസ്തകമായിരിക്കുമെന്ന് എനിക്ക് സംശയമേതുമില്ല. അവര്‍ ഒഴിച്ചിട്ട ധ്വനികളില്‍ നിന്ന് മലയാളിക്ക് ചരിത്രരചന നിര്‍വ്വഹിക്കേണ്ടിവരുന്ന കാലവും വിദൂരമല്ല.
Also Read പ്രളയം കടന്നവര്‍ തന്നെയാണ് കാട് ചുടുന്നതും
കഥയില്‍ മാധവിക്കുട്ടിയുടെ തുടര്‍ച്ച അഷിതയില്‍ വരുന്നത് മറ്റൊരു വിധത്തിലാണ്. അതിന് മറ്റൊരു ഏകാന്തരൂപമാണ്.
മാധവിക്കുട്ടിയില്‍ തന്റെ ആത്മീയ ഭാവത്തിന് ശരീരം മാന്ത്രിക സ്വഭാമുള്ള ഒരു സംഗീതോപകരണമായി. അഷിതയില്‍ എവിടെയും നമുക്ക് ശരീരത്തെ കാണാനാവില്ല. അത് മന:പൂര്‍വ്വമായോ ഭയാശങ്കയായോ സംഭവിച്ചതല്ല. ഗാര്‍ഹിക ഏകാന്തതയുടെ സമാനതയ്ക്കപ്പുറം മാധവിക്കുട്ടിയുടെ മാനസിക ഛായയല്ല അഷിതയുടേത് എന്നത് തന്നെ കാരണം. എന്നിട്ടും വീടിനകത്ത് നിരന്തരം ശിക്ഷിക്കപ്പെട്ടത് മാധവിക്കുട്ടിയുടെ പേരിലായിരുന്നു. പേനയെടുക്കുമ്പോഴൊക്കെ വീട് അവരെ നിരന്തരം താക്കീത് ചെയ്തത് ഇങ്ങനെയാണ് : മാധവിക്കുട്ടിയാവാന്‍ ഞങ്ങള്‍ വിടില്ല.
എല്ലാറ്റിനെയും കണ്ടുപിടിച്ചു കഴിഞ്ഞു എന്നു വിചാരിക്കുന്ന ശരാശരി ബുദ്ധിജീവികളുടെ പറുദീസയായ മലയാളി സമൂഹത്തിന് അഷിതയുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ പുനര്‍വായിക്കേണ്ടി വരുന്ന സന്ദര്‍ഭം നമ്മുടെ വീട്ടുമുറ്റത്തെത്തിയിട്ടുണ്ട്.