തമിഴിൽ ആദ്യ സിനിമ ചെയ്യുമ്പോൾ തന്നെ കാരവാൻ ഉണ്ടായിരുന്നു, എന്നാൽ മലയാളത്തിൽ..: മീര ജാസ്മിൻ
Entertainment
തമിഴിൽ ആദ്യ സിനിമ ചെയ്യുമ്പോൾ തന്നെ കാരവാൻ ഉണ്ടായിരുന്നു, എന്നാൽ മലയാളത്തിൽ..: മീര ജാസ്മിൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd September 2024, 4:25 pm

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതാദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്.

അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്.

പഴയ സിനിമ ലൊക്കേഷനിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് മീര ജാസ്മിൻ. സൂത്രധാരനിൽ അഭിനയിക്കുമ്പോൾ തുണിയും കുടയുമൊക്കെ മറച്ചു പിടിച്ചാണ് താൻ വസ്ത്രം മാറിയതെന്നും ഓപ്പൺ ഏരിയയിൽ ഷൂട്ട് ചെയ്യുമ്പോൾ കൂട്ടിനായി ഒരാൾ വരുമായിരുന്നുവെന്നും മീര പറയുന്നു. എന്നാൽ തമിഴ് സിനിമയിൽ അന്നുതന്നെ കാരവാനൊക്കെ ഉണ്ടെന്നും മീര പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു മീര.

സൂത്രധാരൻ ചെയ്യുമ്പോൾ കാരവാൻ ഒന്നുമില്ലായിരുന്നു. തുണിയും കുടയുമൊക്കെ മറച്ച് വെച്ചാണ് ആ സിനിമയിൽ വസ്ത്രമൊക്കെ മാറിയത്. ഓപ്പൺ ഏരിയയിലൊക്കെ ഷൂട്ട്‌ ചെയ്യുമ്പോൾ നമ്മുടെ കൂടെ ആരെങ്കിലും കൂട്ട് വരും.

നമ്മുടെ മേക്കപ്പിന്റെ ആളുകളൊ അല്ലെങ്കിൽ സ്റ്റാഫുകളോ വന്നിട്ട് ഒരു ബെഡ്ഷീറ്റ് പോലെ പിടിച്ചിട്ടൊക്കെയാണ് ഡ്രസ് മാറിയിരുന്നതും ടോയ്ലറ്റിൽ പോയിരുന്നതുമെല്ലാം. വലിയ ബുദ്ധിമുട്ടായിരുന്നു ആ സമയത്ത്.

അതേസമയം ഒന്ന് രണ്ട് പടം കഴിഞ്ഞ് ഞാൻ തമിഴിൽ റൺ എന്ന ചിത്രം ചെയ്യുകയായിരുന്നു. തമിഴിലെ എന്റെ ആദ്യ സിനിമയാണ്. അവിടെ വലിയ കാരവാനും സെറ്റപ്പുമൊക്കെ ഉണ്ടായിരുന്നു.

നോക്കുമ്പോൾ ഒരാൾക്ക് തന്നെ വലിയ കാരവാൻ. അങ്ങനെ ഒരു വ്യത്യാസം അന്നുണ്ടായിരുന്നു. അന്ന് ഇവിടെ അതൊന്നുമില്ല, തമിഴിൽ വലിയ കാരവാനൊക്കെ ഉണ്ടായിരുന്നു,’മീര ജാസ്മിൻ പറഞ്ഞു.

 

Content Highlight: Meera Jasmin Talk About Her Location Memories