മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
Daily News
മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd May 2015, 6:52 pm

high-court01കൊച്ചി: മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മാവോവാദി ബന്ധം ആരോപിച്ച് പോലീസ് വേട്ടയാടുന്നുവെന്ന് കാണിച്ച് ഏറണാകുളം സ്വദേശി ശ്യാം ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധനാന വിധി. മാവോവാദിയാണെന്ന പേരില്‍ മാത്രം ഒരാളെ കുരുതല്‍ തടങ്കലില്‍ വെയ്ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ ഒരാളെ തടവില്‍ വെയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. മാവോവാദി വിഷയത്തിലെ സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം അനുസരിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ശ്യാം ബാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി.

തന്നെ മാവോവാദിയാണെന്ന് മുദ്രകുത്തി തണ്ടര്‍ബോള്‍ട്ട് സംഘം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് കാണിച്ചായിരുന്നു ശ്യാം ബാലകൃഷ്ണന്റെ ഹര്‍ജി. മൂന്‍ ഹൈക്കോടതി ജഡ്ജിയും കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റീസ് ബാലകൃഷ്ണന്‍ നായരുടെ മകനാണ് ഇദ്ദേഹം. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് യുവാവ് പരാതി നല്‍കിയിരുന്നത്.

രണ്ട് വര്‍ഷമായി അധികൃതര്‍ മാവോവാദികളുടെ പേര് പറഞ്ഞ് നിരന്തരം പീഡിപ്പിക്കുകയാണെന്നും മുന്‍ വിധികളോടെയാണ് പോലീസ് നടപടിയെടുക്കുന്നതെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞിരുന്നു. കോവളത്ത് വെച്ചയിരുന്നു ശ്യാമിനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

വെള്ളമുണ്ട പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്ത ശേഷം രാത്രി 12 മണിക്കാണ് ഇരുവരെയും വിട്ടയച്ചതെന്നും ഫോണും ലാപ്‌ടോപ്പും പോലീസുകാര്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ശ്യാം പുതിയ വീടെടുത്ത് മാറിയ ശേഷം ശ്യാമിനെകാണാന്‍ അജ്ഞാതരായ ചിലര്‍ നിരന്തരം എത്തുന്നുണ്ടെന്നാണ് പോലീസ് പറഞ്ഞിരുന്നത്. നാല് വര്‍ഷം മുമ്പാണ് ശ്യാമും ഭാര്യയും വയനാട്ടിലേക്ക്‌ താമസം മാറിയിരുന്നത്.

കൂടുതല്‍ വായനക്ക്‌

ജനാധിപത്യവും സായുധപോരാട്ടവും: ശ്യാം ബാലകൃഷ്ണന്‍ എഴുതുന്നു… (23-02-2015)

മാവോവാദിയെന്നു പറഞ്ഞ് തണ്ടര്‍ബോള്‍ട്ട് പീഡിപ്പിക്കുന്നതായി പരാതി (30-09-2014)