മാവോവാദിയെന്നു പറഞ്ഞ് തണ്ടര്‍ബോള്‍ട്ട് പീഡിപ്പിക്കുന്നതായി പരാതി
Daily News
മാവോവാദിയെന്നു പറഞ്ഞ് തണ്ടര്‍ബോള്‍ട്ട് പീഡിപ്പിക്കുന്നതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th September 2014, 7:15 pm

thandur-bolt[]വയനാട്: മാവോവാദിയെന്നാരോപിച്ച് തണ്ടര്‍ബോള്‍ട്ട് അധികൃതര്‍ പീഡിപ്പിക്കുന്നതായി യുവാവിന്റെ പരാതി. ഏറണാകുളം സ്വദേശി ശ്യാം ബാലകൃഷ്ണനാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്.

രണ്ട് വര്‍ഷമായി അധികൃതര്‍ മാവോവാദികളുടെ പേര് പറഞ്ഞ് നിരന്തരം പീഡിപ്പിക്കുകയാണെന്നും കാലമിത്രയായിട്ടും ഒരു മാവോവാദിയെപ്പോലും ഇവര്‍ക്ക് പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

വയനാട്ടിലെ കോറോം അങ്ങാടിയില്‍ വച്ച് ശ്യാമിനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളമുണ്ട പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്ത ശേഷം രാത്രി 12 മണിക്കാണ് ഇരുവരെയും വിട്ടയച്ചത്. ഫോണും ലാപ്‌ടോപ്പും പോലീസുകാര്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

മുന്‍ വിധികളോടെയാണ് പോലീസ് നടപടിയെടുക്കുന്നതെന്നും ആരെയെങ്കിലും പിടികൂടേണ്ട അടിയന്തിര സാഹചര്യമാണ് ഇപ്പോള്‍ പോലീസിനുള്ളതെന്നും ആരെയെങ്കിലും പിടികൂടി എന്തെങ്കിലുമൊക്കെ ചെയ്തു എന്ന് വരുത്തിതീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ശ്യാം ബാലകൃഷ്ണന്‍ പറഞ്ഞു.

ശ്യാം പുതിയ വീടെടുത്ത് മാറിയ ശേഷം ശ്യാമിനെകാണാന്‍ അജ്ഞാതരായ ചിലര്‍ നിരന്തരം എത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. നാല് വര്‍ഷം മുമ്പാണ് ശ്യാമും ഭാര്യയും കോവളത്തേക്ക് താമസം മാറ്റിയിരുന്നത്.