മനോജ് വധം; പ്രതികള്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് അന്വേഷണസംഘം
Daily News
മനോജ് വധം; പ്രതികള്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് അന്വേഷണസംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th September 2014, 11:06 am

vikraman[] കണ്ണൂര്‍: കതിരൂരിലെ മനോജ് കൊലക്കേസിലെ പ്രതികളെല്ലാം സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. ആര്‍.എസ്.എസ് നേതാവ് മനോജ് വധക്കേസില്‍ റിമാന്‍ഡിലുള്ള വിക്രമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. മനോജിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് വിക്രമനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു.

മനോജിന്റേത് രാഷ്ട്രീയകൊലപാതകമാണെന്ന്  ആരോപണം ഉയര്‍ന്നെങ്കിലും അങ്ങനെ പറയാന്‍ കഴിയില്ലെന്നായിരുന്നു അന്വേഷണസംഘത്തലവന്‍ എ.ഡി.ജി.പി എസ്.അനന്തകൃഷ്ണന്റെ നിലപാട്. എന്നാല്‍ കോടതിയില്‍ വിക്രമനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷയില്‍ കൊലപാതകം രാഷ്ട്രീയപരമായിരുന്നുവെന്ന്  ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു.

മനോജിന്റേത് രാഷ്ട്രീയകൊലപാതകമാണ്. രാഷ്ട്രീയവിരോധം കാരണം മനപൂര്‍വം കൊല്ലണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി സി.പി.ഐ.എം പ്രവര്‍ത്തകനായ വിക്രമന്റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ ആയുധങ്ങളുമായി മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നെന്നാണ് കസ്റ്റഡി അപേക്ഷയിലുള്ളത്.പ്രതികള്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റം ബലപ്പെടുത്താന്‍ വകുപ്പില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.

കേസിലെ സാക്ഷി പ്രമോദിന്റെ മൊഴിയില്‍ വിക്രമുള്‍പ്പെടെ ഏഴു പേരുടെ വിവരങ്ങളാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിക്രമിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പോലീസ് പരിശോധനയില്‍ വിക്രമിന്റെ വയര്‍ ഭാഗത്തും കൈകളിലും മുറിവുകള്‍ കണ്ടെത്തി. മനോജിന്റെ വാഹനത്തിന് നേരെ ബോംബേറ് നടത്തിയപ്പോള്‍ ബോംബിന്റെ ചീളുകള്‍ ദേഹത്ത് തറിച്ചതാവാം മുറിവുകള്‍ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. വിക്രമിനെ വിദഗ്ദ പരിശോധനയ്ക്ക്‌ വിധേയനാക്കും.