national news
'കര്‍ഷകരെ വഞ്ചിച്ചു'; കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതിമയില്‍ രക്താഭിഷേകം നടത്തി കര്‍ഷക പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 29, 10:41 am
Thursday, 29th December 2022, 4:11 pm

മൈസൂരു: കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധനവ് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കര്‍ഷകരുടെ വ്യത്യസ്ത പ്രതിഷേധം. മാണ്ഡ്യയില്‍ നടന്ന അനിശ്ചിതകാല സമരത്തിന്റെ 52 ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതിമയില്‍ രക്തം അര്‍പ്പിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

മാണ്ഡ്യ നഗരത്തിലെ എം. വിശ്വേശ്വരയ്യ പ്രതിമയ്ക്ക് മുന്നിലായിരുന്നു കര്‍ഷകരുടെ അനിശ്ചിതകാല സമരം. കര്‍ഷകരെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് രക്തം അര്‍പ്പിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി സമരം തുടര്‍ന്നിട്ടും തങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷക സംഘടനയായ റൈത സംഘയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ മാണ്ഡ്യയില്‍ ബന്ദും നടത്തിയിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും പാലിക്കപ്പെട്ടില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു.

എന്നാല്‍, രക്താഭിഷേകം നടത്തിയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബര്‍ 30ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാണ്ഡ്യ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികളുടെ ഭാഗമായി കര്‍ഷകരെ സമര വേദിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് പൊലീസ് അറിയിച്ചു.

സമരക്കാരെ അറസ്റ്റ് ചെയ്യുകയും സമര പന്തല്‍ പൊളിച്ച് നീക്കുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ കസ്റ്റഡിയിലെടുക്കുകയും, പിന്നാലെ പൊലീസ് പരേഡ് ഗ്രൗണ്ടില് വിട്ടയക്കുകയുമായിരുന്നു.

അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് റൈത സംഘ പ്രസിഡന്റ് ബഡഗലപുര നാഗേന്ദ്ര പറഞ്ഞു.

അതേസമയം, മാണ്ഡ്യ മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് പരിസരത്തെ മെഗാ ഡയറിയുടെ ഉദ്ഘാടനത്തിനായാണ് ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നത്. ബി.ജെ.പി പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

Content Highlight: Mandya farmers ‘offer blood’ to Karnataka CM Bommai’s statue