Mamta Mohandas | മംമ്തയുടെ സ്ത്രീവിരുദ്ധതയില്ലാത്ത ഉട്ടോപ്യ | WomanXplaining
അനുപമ മോഹന്‍

‍സോഷ്യല്‍ മീഡിയയിലെ ആന്റി ഫെമിനിസ്റ്റുകള്‍ക്ക് പുതിയ ഒരു നേതാവിനെ വീണുകിട്ടിയിട്ടുണ്ട്. ഫെമിനിസ്റ്റുകള്‍ക്ക് ഫെമിനിസത്തിന്റെ ശരിയായ പാത കാണിച്ചു കൊടുക്കാന്‍ ഈ നേതാവിനെ മുന്‍ നിര്‍ത്തി അവര്‍ സമൂഹ മാധ്യമങ്ങളില്‍ പോരാട്ടവും തുടങ്ങി കഴിഞ്ഞു. നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപും പുതു മുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബുവും ഉള്‍പ്പെടുന്ന, ഇതൊന്നും ഒരു പ്രശ്‌നമായി കരുതാത്ത ‘അമ്മ’ എന്ന സംഘടന നിലനില്‍ക്കുന്ന സിനിമാ ഇന്‍ഡസ്ട്രിയിലുള്ള മംമ്ത മോഹന്‍ദാസ് ആണ് ആദ്യം പറഞ്ഞ ആ താരം.

സ്ത്രീകള്‍ക്ക് സെല്ഫ് വിക്ടിമൈസേഷന് നല്ല താല്പര്യമുണ്ടെന്നും നമ്മുടെ സമൂഹത്തില്‍ ജന്‍ഡര്‍ ഇന്‍ഇക്വാളിറ്റി ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ക്ലബ് എഫ് എമ്മിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് മംമ്ത പറയുന്നത്. മംമ്ത മോഹന്‍ദാസിന്റെ ഈ അഭിപ്രായങ്ങളോട് തീര്‍ച്ചയായും ചില വിയോജിപ്പുകളുണ്ട്.

 ”സെല്‍ഫ് വിക്ടിമൈസേഷന് ഭയങ്കര താല്പര്യമുള്ള നാടാണ് നമ്മുടേത്. സ്ത്രീകള്‍ക്ക് അവരെ തന്നെ എല്ലാത്തിന്റെയും വിക്ടിം ആയി കാണാന്‍ നല്ല ഇഷ്ടമുണ്ട്. ഞാന്‍ അബ്യൂസിന്റെ വിക്ടിം ആണ്, ഞാന്‍ അസാള്‍ട്ടിന്റെ വിക്ടിം ആണ് എന്ന് എത്ര കാലമാണ് നിങ്ങള്‍ ഈ പാട്ടും പാടി കൊണ്ടിരിക്കുക.” എന്നതാണ് ആ ഇന്റര്‍വ്യൂവില്‍ മംമ്ത നടത്തുന്ന ഒരു സ്റ്റേറ്റ്‌മെന്റ്.

സിനിമാ നടിമാര്‍, പെണ്‍കുട്ടികള്‍, കന്യാസ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ തനിക്കു നേരെ നടന്ന സെക്ഷ്വല്‍ അബ്യൂസ് തുറന്നു പറയുന്നതും നീതിക്കു വേണ്ടി പോരാടുന്നതും താന്‍ വിക്ടിം ആണെന്ന പാട്ടുപാടി ശ്രദ്ധ പിടിച്ചുപറ്റാനല്ല. ആ തുറന്നു പറച്ചിലിന് മുന്‍പും ശേഷവും അവരനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ഒരുപാട് സമ്മര്‍ദ്ദങ്ങളുണ്ട്. അതിനെയെല്ലാം നേരിടുന്ന അവരുടെ ധൈര്യത്തേയും പോരാട്ടത്തെയുമാണ് വിക്ടിം കാര്‍ഡ് കാണിക്കുകയാണെന്ന് പറഞ്ഞു മംമ്ത അപമാനിക്കുന്നത്.

വിജയ് ബാബുവിനെതിരെ ഒരു സ്ത്രീ റേപ്പ് കേസ് ഫയല്‍ ചെയ്ത ഈ സമയത്താണ് മംമ്ത ഇത്തരം ക്രൂരമായ പ്രസ്താവനകള്‍ നടത്തുന്നത്. അതിക്രമം നേരിട്ട് സ്ത്രീയോടൊപ്പം നില്‍ക്കുന്നതിനേക്കാള്‍ അബ്യുസര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഒരാള്‍ പറയുന്നതിന് തുല്യമാണ് ഈ വാക്കുകള്‍. എന്തെങ്കിലും പ്രശ്‌നങ്ങളോ വിമര്‍ശനങ്ങളോ വരുന്ന സമയത്ത്, തന്നെ തന്നെ വിക്ടിമായി ചിത്രീകരിക്കുന്ന ചിലരുടെ തന്ത്രത്തെയാണ് സെല്‍ഫ് വിക്ടിമൈസേഷന്‍ എന്ന് പറയുന്നത്. അതായത് ഞാനാണ് വിക്ടിമെന്നും അതുകൊണ്ട് ഞാന്‍ അല്ല ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും എനിക്ക് ശ്രദ്ധ കിട്ടണമെന്നുമുള്ള ഉദ്ദേശത്തോടെ പലതും കെട്ടിച്ചമക്കുന്നതാണ് ഇതിന്റെ ആകെ തുക. തനിക്കു നേരിട്ട അബ്യൂസ് തുറന്നു പറയുന്ന സ്ത്രീകള്‍ ഇങ്ങനെയൊരു വിക്ടിം കാര്‍ഡ് ഇറക്കുകയാണെന്നാണ് മംമ്ത പറയുന്നത്.

അതിജീവിത, ഇര, ഫിനിക്‌സ് പക്ഷി എന്നൊക്കെ പറഞ്ഞ് കാട്ടി നടക്കുന്നവര്‍ മംമ്തയുടെ ഇന്റര്‍വ്യൂ കാണണമെന്ന് കമ്മന്റ് ബോക്‌സില്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് അവരിലെ സ്ത്രീവിരുദ്ധത ആഘോഷിക്കാനുള്ള ഒരു അവസരം കൂടെയാണ് വീണു കിട്ടിയിരിക്കുന്നത്. അതിജീവിത എന്നത് ആരെയും കബളിപ്പിക്കാനുള്ള വാക്കല്ല.

ഒരു സ്ത്രീ ഇരയല്ല അതിജീവിതയാണെന്ന് തിരിച്ചറിയുന്ന ബുദ്ധിമുട്ടുള്ള യാത്രയെ സ്ത്രീകളുടെ തന്ത്രമായി കാണുന്നത് ഒട്ടും ശരിയല്ല. സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല അതുകൊണ്ട് ഇന്‍ഡസ്ട്രയില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും ഒരു വര്‍ഷം മുന്നേ റെഡ് എഫ് എമ്മിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞ മംമ്തയില്‍ നിന്നും ഈ വിക്ടിം ഷേമിങ്ങ് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്.

ഞാന്‍ ഇതുവരെ അബ്യൂസ് ചെയ്യപ്പെട്ടിട്ടില്ല അതുകൊണ്ട് മറ്റു സ്ത്രീകള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവില്ലെന്ന മണ്ടന്‍ ചിന്തയുണ്ടാവുന്നത് മംമ്തക്കുള്ള പ്രിവിലേജുകള്‍ കൊണ്ട് കൂടിയാണ്. താന്‍ അനുഭവിക്കാത്തത് കൊണ്ട് മറ്റുള്ള സ്ത്രീകളും അതനുഭവിക്കാന്‍ സാധ്യതയില്ലെന്ന് കരുതുന്നതും ആ പ്രിവിലേജിന്റെ പുറത്തു തന്നെയാണ്. എന്നാല്‍ തനിക് കിട്ടുന്ന അത്തരം പ്രിവിലേജുകളെ അവര്‍ തള്ളിക്കളയുന്നുമുണ്ട്.

താന്‍ സെല്‍ഫ് വിക്ടിമൈസേഷന്‍ നടത്താത്തത് കൊണ്ടാണ് തനിക്കുള്ള പ്രിവിലേജുകളെ മറ്റുള്ളവര്‍ പ്രൊജക്റ്റ് ചെയ്തു കാണിക്കുന്നതെന്നാണ് മംമ്ത പറയുന്നത്. സമൂഹത്തില്‍ ഒരു പ്രത്യേക വിഭാഗം മനുഷ്യര്‍ക്ക് ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് മാത്രം കിട്ടി കൊണ്ടിരിക്കുന്ന അവകാശങ്ങളെയും ആനുകൂല്യങ്ങളെയുമാണ് പ്രിവിലേജ് എന്ന് പറയുന്നത്. അത് നമ്മുടെ സൈസൈറ്റിയില് പ്രകടമായി തന്നെ നിലനില്‍ക്കുന്ന ഒന്നാണ്. ഇത്തരം പ്രിവിലേജുകള്‍ മംമ്തയ്ക്കും കിട്ടുന്നുണ്ട്. അതേ കുറിച്ച് അവര്‍ക്ക് അറിയിഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ടും അറിയാത്തത് പോലെ അഭിനയിക്കുകയാണോ എന്നൊരു സംശയം തോന്നിയിരുന്നു.

സിനിമയില്‍ മാത്രമല്ല നമ്മള്‍ സ്ത്രീകള്‍ ബ്യൂട്ടിഫുള്ളായ ഒരു ഇക്വാലിറ്റിയിലൂടെയാണ് കടന്നു പോകുന്നതെന്ന് മംമ്ത പറയുമ്പോള്‍ അത് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലാകുന്നില്ല. പീഡനക്കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വിമുഖത കാണിക്കുന്നതാണോ മംമ്ത പറയുന്ന ഇക്വാളിറ്റി, അതോ വലിയ ഒരു കൂട്ടം മനുഷ്യര്‍ ഭാവനക്കൊപ്പം നിന്നപ്പോഴും അമ്മയിലെ ചിലര്‍ അവരെ പരിഗണിക്കാതിരുന്നതാണോ മംമ്ത പറയുന്ന ഇക്വാളിറ്റി. എന്ത് തന്നെയായാലും മംമ്ത ഇക്വാലിറ്റിയാണെന്ന് കരുതി വെച്ചിരിക്കുന്ന ബ്യൂട്ടിഫുള്ളായ ആശയത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ട്. അല്ലെങ്കില്‍ അബദ്ധ ധാരണകളുടെ ഉട്ടോപ്യയിലാണ് അവര്‍ തുടരുന്നത്.

പിന്നെ ഇന്ന് വീടുകളില്‍ ആണ്‍കുട്ടികളെക്കാള്‍ പ്രിവിലേജ്ഡ് പെണ്‍കുട്ടികളാണെന്ന് പറയുന്ന മംമ്തയുടെ ലോകം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും അസമത്വങ്ങളെയും അഡ്രസ് ചെയ്യാത്തതാണ്. അത്തരം വീടുകള്‍ നമ്മുടെ സമൂഹത്തിലുണ്ടോ എന്നത് സംശയമാണ്.

മംമ്തയാണ് ശരിയായ ഫെമിനിസ്റ്റെന്നും കുട്ടി സ്‌കേര്‍ട്ടിട്ട് ഫെമിനിസം പറയുന്നവര്‍ക്കും അതിജീവിതക്കൊപ്പമെന്ന് പരസ്യമായി നിലപാട് പറയുന്നവര്‍ക്കും മംമ്ത മോഹന്‍ദാസാണ് മാതൃകയെന്നും വിളിച്ചു കൂവുന്നവരോട് നിങ്ങള്‍ ഫെമിനിസം എന്ന മൂവേമെന്റിനെ ക്കുറിച്ച് മനസ്സിലാക്കി വെച്ചതില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ട്. മംമ്ത പറയുന്ന പോലെ ജന്‍ഡര്‍ ഇന്‍ഇക്വാലിറ്റിയില്ലെന്നു പറയുന്ന, അബ്യുസ്റേഴ്‌സിന് പിന്തുണ കൊടുക്കുന്ന, സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മുകളിലെത്തണമെന്നു ചിന്തയുള്ളവരാണെന്ന് പറയുന്ന ആശയമല്ല ഫെമിനിസം.

എല്ലാ ജെന്‍ഡറില്‍ പെട്ട മനുഷ്യര്‍ക്കും സമൂഹത്തില്‍ തുല്യമായ അവകാശങ്ങളും അവസരങ്ങളും ലഭിക്കണമെന്നാണ് ഫെമിനിസം പറയുന്നത്. പാട്രിയാര്‍ക്കലായ സമൂഹത്തില്‍ കാലങ്ങളായി സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും അവസാനിക്കണമെന്നാണ് ഓരോ ഫെമിനിസ്റ്റും ആവശ്യപ്പെടുന്നത്.

Content Highlight: Mamtha Mohandas talking about self victimisation of women