ബി.ജെ.പി ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യും: പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി
national news
ബി.ജെ.പി ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യും: പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 8:40 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യുമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും അന്വേഷണത്തിനൊടുവില്‍ മമത ബാനര്‍ജിയെ ജയിലിലേക്ക് അയക്കുമെന്നുമാണ് സുവേന്ദു അധികാരി അവകാശപ്പെട്ടത്.

മമതയോട് നിയമപ്രകാരം പലിശയടക്കം പ്രതികാരം ചെയ്യുമെന്നും എന്നാല്‍ അത് ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുതന്നെ നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദേശ്ഖാലി ഉള്‍പ്പെടുന്ന നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ല മമത കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവും ബി.ജെ.പി ഔട്ട്‌റീച്ച് പ്രോഗ്രാമിനായി അവിടെയെത്തി. ആ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘സംഭവിച്ചതെല്ലാം മറക്കാന്‍ നിങ്ങള്‍ (മമത ബാനര്‍ജി) ജനങ്ങളോട് ആവശ്യപ്പെട്ടു. സന്ദേശ്ഖാലിയിലെ ജനങ്ങള്‍ അതൊന്നും മറക്കില്ല. ഞാനുള്‍പ്പെടെ ആരും മറക്കില്ല. പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സന്ദേശ്ഖാലി സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കും.

സന്ദേശ്ഖാലിയിലെ സ്ത്രീകളെ നിങ്ങള്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലേക്ക് അയച്ചു. സ്ത്രീകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയതിന് നിങ്ങളെയും ബി.ജെ.പി ജയിലിലേക്ക് അയക്കും,’ സുവേന്ദു അധികാരി പറഞ്ഞു.

ഷാജഹാന്‍ ഷെയ്ഖിനെപ്പോലുള്ള തൃണമൂല്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചതിന് പ്രദേശത്തെ സ്ത്രീകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്താന്‍ മമത ബാനര്‍ജി ഗൂഢാലോചന നടത്തിയെന്നും സുവേന്ദു അധികാരി ആരോപിച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദേശ്ഖാലി സംഭവത്തിന് പിന്നില്‍ ഒരു കള്ളക്കളി നടന്നതായി ആരോപിച്ചിരുന്നു. പണം ഉപയോഗിച്ചാണ് അത് നടത്തിയതെന്ന് തനിക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇതെല്ലാം നുണയാണെന്ന് ആളുകള്‍ക്ക് പിന്നീട് മനസിലായി. സത്യം ഒടുവില്‍ പുറത്തുവന്നു. ഇവയെല്ലാം പഴയകാര്യങ്ങളാണ്. ഈ കാര്യങ്ങള്‍ മനസില്‍ വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ മമത ബാനര്‍ജി തിങ്കളാഴ്ച പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും പ്രാദേശിക തൃണമൂല്‍ നേതാക്കളെ ലൈംഗികാതിക്രമക്കേസില്‍ കുടുക്കാനും സുവേന്ദു അധികാരി ഗൂഢാലോചന നടത്തി സ്ത്രീകള്‍ക്ക് പണം നല്‍കി കെട്ടിച്ചമച്ചതാണ് സന്ദേശഖാലി സംഭവം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണത്തിന് തൊട്ടുപിന്നാലെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സന്ദേശ്ഖാലി ഉള്‍പ്പെടുന്ന ബസിര്‍ഹട്ട് ലോക്സഭാ സീറ്റില്‍ ടി.എം.സി വിജയിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി.

Content Highlight: Mamata Banerjee will be arrested if BJP comes to power in Bengal says Opposition leader Suvendu Adhikari