കൊല്‍ക്കത്ത: ബി.ജെ.പി-ആര്‍.എസ്.എസ് സഖ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെന്ന് സി.എ.എ ആക്ടിവിസ്റ്റും അസം എം.എല്‍.എയുമായ അഖില്‍ ഗൊഗോയി. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ജയിലില്‍ നിന്നിറങ്ങിയ ശേഷം മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊല്‍ക്കത്തയിലെത്തി രണ്ട് തവണ മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു.
അസമില്‍ തൃണമൂല്‍ പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുക്കാമോ എന്ന് എന്നോട് അന്ന് ചോദിച്ചിരുന്നു. അക്കാര്യത്തില്‍ ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
ഞാനും എന്റെ പാര്‍ട്ടിയായ റെയ്‌ജോദാലും ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്നോട്ടില്ല,’ അഖില്‍ ഗൊഗോയി പറഞ്ഞു.
രാജ്യം ഇപ്പോള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ അടിയന്തരാവസ്ഥ സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നപോലെ പ്രവര്‍ത്തിക്കേണ്ട സമയമായെന്നും അഖില്‍ ഗൊഗോയി പറഞ്ഞു.
‘ഉത്തരവാദപ്പെട്ട ഒരു പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പിയ്‌ക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകാന്‍ ഞാനും എന്റെ പാര്‍ട്ടിയും തയ്യാറാണ്. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ ഗൊഗോയി പറഞ്ഞു.
2021 ഏപ്രില്‍-മെയ് മാസത്തില്‍ നടന്ന അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് അഖില്‍ ഗൊഗോയി വിജയിച്ചത്. അസമിലെ സിബ്സാഗര്‍ മണ്ഡലത്തില്‍ നിന്നാണ് അഖില്‍ ഗൊഗോയി ജയിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു അഖില്‍ ഗൊഗോയിയെ 2019 ഡിസംബറില്‍ തടവിലാക്കുന്നത്.
ജയിലില്‍ കിടന്നുകൊണ്ടാണ് അദ്ദേഹം സിബ്സാഗറില്‍ നിന്നും മത്സരിച്ചത്. സിബ്സാഗറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരഭി രജ്കോന്‍വാരിയെയാണ് ഗൊഗോയി പരാജയപ്പെടുത്തിയത്. 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് അഖില്‍ ഗൊഗോയി നേടിയത്.
അസമില്‍ നിന്നുള്ള കര്‍ഷകനേതാവും വിവരാവകാശ പ്രവര്‍ത്തകനുമാണ് അഖില്‍ ഗൊഗോയി. അഴിമതിയ്ക്കെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം കൃഷക് മുക്തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ നേതാവ് കൂടിയാണ്.
ഗുവാഹത്തിയിലെ കോട്ടണ്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തെത്തിയ അഖില്‍ ഗൊഗോയി സി.പി.ഐ.എം.എല്‍ നേതാവായ സന്തോഷ് റാണയോടൊപ്പമായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. നതുന്‍ പഠതിക് എന്ന ഇടതുപക്ഷ മാസികയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
2019ല്‍ രാജ്യമെമ്പാടും പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അസമില്‍ അതിനെ മുന്നില്‍ നിന്ന് നയിച്ചത് അഖില്‍ ഗൊഗോയി ആയിരുന്നു.
തുടര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് 2019 ഡിസംബര്‍ 8നാണ് അസമിലെ ജോര്‍ഹത്തില്‍ നിന്ന് അഖില്‍ ഗൊഗോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശേഷം മാവോയിസ്റ്റ് ബന്ധം കൂടി ആരോപിച്ച് കേസ് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു.