കണ്ണൂര്‍: കുറുപ്പ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സ്റ്റിക്കര്‍ ഒട്ടിച്ച് കാര്‍ പുറത്തിറക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുമെന്ന് മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന്‍.
സ്വകാര്യ വാഹനത്തില്‍ ഇങ്ങനെ ചെയ്യുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും രണ്ട് നീതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും വ്‌ളോഗര്‍ പറയുന്നു. പാലക്കാട് ആര്‍.ടി.ഒ ഓഫിസില്‍ സമര്‍പ്പിച്ച് അപേക്ഷയ്‌ക്കൊപ്പം നല്‍കിയ രസീതാണ് അണിയറക്കാര്‍ പ്രചരിപ്പിക്കുന്നതെന്നും ഇങ്ങനെ ഫീസ് സ്വീകരിക്കാന്‍ നിയമമില്ലെന്നും ഇയാള്‍ പറയുന്നു.
നവംബര്‍ 15നാണ് അപേക്ഷ നല്‍കുന്നതായി കാണിക്കുന്നത്. എന്നാല്‍ ദുല്‍ഖര്‍ അതിന് മുന്‍പ് തന്നെ ഈ കാര്‍ വച്ച് ഡ്രാഫ്റ്റ് ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും വ്‌ളോഗര്‍ പറയുന്നു. കഴിഞ്ഞദിവസം പോസ്റ്റ് ഇട്ടതിന് ശേഷം വലിയ തെറി വിളിയാണ് തനിക്ക് നേരെ നടക്കുന്നതെന്നും മല്ലുട്രാവലര്‍ പറഞ്ഞു.
സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി പൊക്കിയിട്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയെന്നും സിനിമാ പ്രൊമൊഷനു വണ്ടി സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കില്ലേയെന്നുമായിരുന്നു കഴിഞ്ഞദിവസം മല്ലുട്രാവലര്‍ ചോദിച്ചത്.
അതേസമയം, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കര്‍ ഒട്ടിച്ച കാറിനെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്നാണ് ടീം പറയുന്നത്.
പാലക്കാട് ആര്‍.ടി.ഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാര്‍ പറഞ്ഞു.