മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ ചിത്രമായ മാലികിലെ പശ്ചാത്തല സംഗീതമായി വരുന്ന അറബിക് ഗാനം വൈറലായിരിക്കുകയാണ്. അറബിക് ഭാഷയിലുള്ള ഈ ഗാനം ഇന്ന് മലയാളികളുടെയെല്ലാം ചുണ്ടിലുണ്ട്.
മാലിക് കണ്ടുകഴിഞ്ഞ പലരും ചോദിച്ചിരുന്നത് ഈ പാട്ട് പാടിയിരിക്കുന്നത് ആരാണ് എന്നായിരുന്നു. മലപ്പുറം സ്വദേശിയായ ഹിദ എന്ന കൊച്ചുഗായികയാണ് ഈ പാട്ട് പാടിയിരിക്കുന്നത്.
മാലികിലേക്ക് എത്തിയതിനെ കുറിച്ചും പാട്ട് എല്ലാവരും ഏറ്റെടുത്തുതിലെ സന്തോഷത്തെ കുറിച്ചും നാലാം ക്ലാസുകാരി ഹിദ സംസാരിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹിദ.
‘സന്തോഷത്തിലാണ്. ഇത്രക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. വൈറലായി ആ പാട്ട്. എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു. എന്റെ താത്തമാര്‍ നന്നായി പാടും. അവര്‍ മഞ്ചേരിയിലെ സ്റ്റുഡിയോയിലേക്ക് പാട്ട് പാടാന്‍ പോയപ്പോള്‍ ഒപ്പം പോയതായിരുന്നു.
സിനിമയിലേക്ക് നാല് വരി പാടാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ പാടി. മാലികിലേക്കാണ് പാടുന്നതെന്ന് അറിയില്ലായിരുന്നു. ഏത് സിനിമയിലേക്കാണെന്ന് അറിയില്ലായിരുന്നു. സിനിമ കണ്ടപ്പോഴാണ് അറിഞ്ഞത്,’ ഹിദ പറയുന്നു.
ജൂലൈ 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് മാലികിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.
മാലികിന്റെ തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരുന്നു.
ചിത്രത്തിന്റെ റിലീസിന് മുമ്പേ പുറത്തുവിട്ട് കെ.എസ്. ചിത്ര പാടിയ തീരമേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
മാലികിലെ കേന്ദ്ര കഥാപാത്രമായ അഹമ്മദി സുലൈമാന്‍ എന്ന അലി ഇക്കയായാണ് ഫഹദ് ഫാസിലെത്തുന്നത്. നിമിഷ, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ, ദിലീഷ് പോത്തന്‍, സനല്‍ അമന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ മികച്ച പ്രകടനമാണ് നടത്തിയത്.