Advertisement
national news
മലയാളി യുവതിയുടെ മരണം; പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കൊടൈക്കനാലില്‍ സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 09, 09:31 am
Saturday, 9th February 2019, 3:01 pm

കണ്ണൂര്‍: കൊടൈക്കനാലില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിക്കുന്നത്.

പ്രതിയെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കുള്ളൂവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം സംസ്‌ക്കാരിക്കാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇന്നും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിക്കുന്നത്.

കൊടൈക്കനാല്‍ എം.എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന മാഹി കാനോത്ത് വീട്ടില്‍ എന്‍.കെ ഷാജിന്റെ ഭാര്യ രോഹിണി (44) നമ്പ്യാരാണ് വ്യഴാഴ്ച രാത്രി വീട്ടില്‍ തൂങ്ങി മരിച്ചത്. കണ്ണൂര്‍ പള്ളിക്കുന്നിലായിരുന്ന കുടുംബം എട്ടുവര്‍ഷമായി കൊടൈക്കനാലിലാണ് താമസം.

കൊടൈക്കനാലില്‍ വെള്ളം ലോറി ജോലിക്കാരനായ ജയശീലന്‍ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പില്‍ ഉണ്ട്.

കഴിഞ്ഞ മാര്‍ച്ച് മുതലേ ഡ്രൈവര്‍ ജയശീലന്‍ രോഹിണിയെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നാണ് അറിഞ്ഞതെന്ന് അയല്‍വാസിയായ യുവതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

രോഹിണിയെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ ഇവര്‍ പോലീസ്
സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് അറിഞ്ഞത്. പിന്നീട് ഇവര്‍ ജീവിതം മടുത്ത നിലയിലായിരുന്നു. രണ്ട് മൂന്ന് മാസം സുഖമില്ലാതെ കിടപ്പിലായിരുന്നു എന്നാണ് മക്കള്‍ പറയുന്നത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല – ഇവര്‍ പറഞ്ഞു.

നടന്ന സംഭവങ്ങളൊന്നും ഭര്‍ത്താവിനോട് പറയാന്‍ കഴിയാത്തതില്‍ ഒരുപാട് മനപ്രയാസം ഉണ്ടായിട്ടുണ്ടെന്നും കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബജീവിതവും നശിച്ചെന്നും രോഹിണി ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായി. നിയമം ജയശീലന് തക്കതായ ശിക്ഷ വിധിക്കുമെന്ന് കരുതുന്നു. തന്നെ കൊടൈക്കനാലില്‍ തന്നെ സംസ്‌ക്കരിക്കണമെന്നും ഭര്‍ത്താവ് ചിതയ്ക്ക് തീകൊളുത്തണമെന്നും രോഹിണിയുടെ കുറിപ്പിലുണ്ട്.

ജയശീലനെതിരെ യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഹിണിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാരും അയല്‍വാസികളും പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഭാര്യയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍.കെ ഷാജ് തമിഴ്‌നാട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് നിലപാടെടുത്ത രോഹിണിയുടെ ബന്ധുക്കളേയും നാട്ടുകാരുടേയും പൊലീഷ് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും മൃതദേഹവും വെച്ച് റോഡ് ഉപരോധിച്ചാല്‍ അടിച്ചോടിക്കുമെന്നായിരുന്നു പൊലീസ് പറഞ്ഞതെന്നും നാട്ടുകാര്‍ പറയുന്നു.

“”പ്രതിയെ അറസ്റ്റ് ചെയ്യാത്ത പക്ഷം മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന് പറഞ്ഞായിരുന്നു സ്റ്റേഷന്‍ ഉപരോധിച്ചത്. ഇതിന് പിന്നാലെ പൊലീസ് ഭീഷണിയുമായി എത്തി. മൃതദേഹം കൊണ്ടുപോകാത്ത പക്ഷം എല്ലാവരേയും അടിച്ചൊതുക്കുമെന്നായിരുന്നു പൊലീസ് പറഞ്ഞത്””- പ്രതിഷേധക്കാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മലയാളികളും തമിഴരും ഒന്നിച്ചാണ് പ്രതിഷേധിക്കുന്നത്. എട്ട് മക്കളാണ് അവര്‍ക്കുള്ളത്. അവരുടെ കുടുംബം അനാഥമായി. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്നവരാണ്. നേരത്തെയും പ്രതി നിരവധി സ്ത്രീകളോട്  മോശമായി പെരുമാറിയിട്ടുണ്ട്. പലരും ഇപ്പോഴാണ് തുറന്നുപറയുന്നത്. ഇവിടെ കഴിയുന്ന മലയാളികള്‍ക്ക് സുരക്ഷിതത്വം വേണം.

പ്രതി ജയശീലന്‍ ഒളിവിലാണെന്നാണ് വിവരം. എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിയ്ക്കാരനായ ഒരാളാണ് സംരക്ഷണം ഒരുക്കുന്നതെന്നാണ് അറിയുന്നത്. പൊലീസിന്റെ പിന്തുണയും ഉണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെ””ന്നും ഇവര്‍ പറയുന്നു.