അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയാണ് നടന്‍ മഹേഷ്. ഉമ്മന്‍ ചാണ്ടിക്കെതിരെയല്ല മാധ്യമങ്ങള്‍ക്കെതിരെയാണ് സംസാരിച്ചത് എന്നാണ് വിനായകന്‍ പറഞ്ഞതെന്ന് മഹേഷ് പറഞ്ഞു. വിനായകന് അഭിപ്രായം പറയാന്‍ ഉള്ള അവകാശമില്ലേയെന്നും അതിന് കൊന്ന്‌കൊലവിളിച്ചു ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ടെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.
‘വിനായകന്‍ പറയുന്നത് ‘ഉമ്മന്‍ചാണ്ടി സാറിനെയല്ല മീഡിയയ്ക്ക് എതിരാണ് താന്‍ സംസാരിച്ചത്’ എന്നാണ്. മീഡിയ മൂന്ന് ദിവസം മരണം ആഘോഷമാക്കിയതിനെ കുറിച്ചാണ്. പക്ഷെ അതിന് ആളുകളെ കുറ്റം പറയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയെ പോലെ ജനപ്രിയനായ ഒരു നേതാവായതുകൊണ്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വന്നത്. അതിനെ എങ്ങനെ കുറ്റം പറയാന്‍ പറ്റും?
വിനായകന്റെ സിനിമ കാണാന്‍ ആളുകള്‍ തിയേറ്ററില്‍ വരുന്നത് അത് നല്ല സിനിമ ആയതുകൊണ്ടല്ലേ? അങ്ങനെ വരുന്നതിനെ കുറ്റം പറയാന്‍ പറ്റോ. അതൊരു നൂറു ദിവസം ഓടിയാല്‍ കുറ്റം പറയുമോ? എന്ന് പറയുന്ന പോലെ തന്നെയാണ്, അദ്ദേഹത്തോട് സ്നേഹമുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വം ഇഷ്ടമുള്ളവാരാണ് ഉമ്മന്‍ ചാണ്ടി സാറിനെ കാണാന്‍ ചെന്നത്.
പക്ഷെ എന്ന് കരുതി വിനായകന് ഒരു അഭിപ്രായം പറയാന്‍ ഉള്ള അവകാശമില്ലേ?. അതിനെ കൊന്ന്കൊലവിളിച്ചു ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ടെന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കുന്നിടത്താണ് ഇതിന്റെ പ്രധാന കാര്യം. വിനായകന്‍ പറയുന്നത് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കേള്‍ക്കണ്ട,’ മഹേഷ് പറഞ്ഞു .
കഴിഞ്ഞ ജൂലൈ 18 ന് ആയിരുന്നു ഉമ്മന്‍ ചാണ്ടി കേരളത്തോട് വിടപറഞ്ഞത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു, അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം എന്ന് മാധ്യമങ്ങളോട് താന്‍ ചോദിക്കുകയാണ് എന്നാണ് വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ചോദിച്ചിരുന്നത്.
‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്. നിര്‍ത്ത് ഉമ്മന്‍ചാണ്ടി ചത്തുപോയി,’ എന്നായിരുന്നു വിനായകന്‍ പറഞ്ഞത്.