Daily News
മഹാശ്വേതാ ദേവി വിടവാങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 28, 03:48 pm
Thursday, 28th July 2016, 9:18 pm

mahaswetha-devi
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ചികില്‍സയിലായിരുന്നു. പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. മാഗ്‌സസെ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1926ല്‍ ധാക്കയിലായിരുന്നു ജനനം. പ്രശസ്തനായ കവിയും നോവലിസ്റ്റുമായ മനീഷ് ഘട്ടക്കിന്റെ പുത്രിയാണ്. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു. പ്രശസ്ത ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക് പിതാവിന്റെ ഇളയ സഹോദരനായിരുന്നു.
ധാക്കയിലായിരുന്നു മഹാശ്വേതാ ദേവിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ല്‍ വിവാഹമോചനം നേടി. മകന്‍ നബാരുണ്‍ ഭട്ടാചാര്യ അറിയപ്പെടുന്ന നോവലിസ്റ്റാണ്.

ഹസാര്‍ ചൗരാസി കി മാ, അരണ്യേര്‍ അധികാര്‍, തിത്തു മിര്‍, അഗ്‌നിഗര്‍ഭ, ദ്രൗപദി, രുധാലി തുടങ്ങിയവ അവരുടെ പ്രധാന കൃതികളാണ്. ബംഗാളിലെ ആദിവാസികളും ദളിതരും സ്ത്രീകളും നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും മഹാശ്വേതാ ദേവി തന്റെ രചനകള്‍ക്കു പ്രമേയമാക്കി.

എഴുത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തനവും തുടര്‍ന്ന മഹാശ്വേതാ ദേവി ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പോരാടി. ഇടതുപക്ഷ അനുഭാവിയായിരുന്ന അവര്‍, പക്ഷെ ബംഗാളിലെ ഇടതുസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള ആര്‍ജ്ജവം കാണിച്ചു. കാര്‍ഷിക സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു.