ഭോപാല്‍: വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കാന്‍ ശ്രമിക്കുന്നതിനിടെ കമല്‍നാഥ് സര്‍ക്കാരിനോട് ചൊവ്വാഴ്ച ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ട് ഗവര്‍ണര്‍. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ കമല്‍നാഥിനെ അറിയിച്ചു.
രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ നിയമസഭ കൂടുന്നത് മാര്‍ച്ച് 26 വരെ നീട്ടിവെക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബി.ജെ.പി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത് ഞായറാഴ്ചയായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കമല്‍നാഥ് ടണ്ടന് കത്തയക്കുകയായിരുന്നു.
ജയ്പൂരില്‍ നിന്നും ഭോപ്പാലിലേക്ക് വന്ന എം.എല്‍.എമാരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് ഉണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും അതിനാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കണമെന്നുമായിരുന്നു കമല്‍ നാഥ് കത്തില്‍ ആവശ്യപ്പെട്ടത്.
48 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
ബി.ജെ.പി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ ഔദ്യോഗിക വസതിയില്‍ ചെന്ന് കണ്ട് ബി.ജെ.പി എം.എല്‍.എമാര്‍. പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയുടെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടത്. 106 എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് സത്യവാങ്മൂലം നല്‍കിയതായും ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.