270 കോടിയുടെ വായ്പാ തട്ടിപ്പ്: ഓഡി, പോര്‍ഷെ കാര്‍ ഡീലര്‍മാര്‍ അറസ്റ്റില്‍
national news
270 കോടിയുടെ വായ്പാ തട്ടിപ്പ്: ഓഡി, പോര്‍ഷെ കാര്‍ ഡീലര്‍മാര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd September 2018, 12:09 pm

ന്യൂദല്‍ഹി: തട്ടിപ്പ് നടത്തി രാജ്യം വിടാന്‍ ശ്രമിച്ച ഓഡി, പോര്‍ഷെ കാര്‍ ഡീലര്‍മാര്‍ അറസ്റ്റില്‍. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 270 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡീലര്‍മാര്‍ അറസ്റ്റിലായത്. റാഷ്പാല്‍ സിംഗ് ടോഡ്, മന്ദിര്‍ സിംഗ് ടോഡ് എന്നിവരാണ് ദല്‍ഹി വിമാനത്താവളത്തില്‍ നിന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്.

ഇരുവരും ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്മാരാണ്. ഗുരുഗ്രാമിലെ പോര്‍ഷെ സെന്റര്‍, ഓഡി ഗുരുഗ്രാം, ഓഡി ദല്‍ഹി സെന്‍ട്രല്‍, ഓഡി അപ്രൂവ്ഡ് പ്ലസ്, ഓഡി സര്‍വീസ് ഗുരുഗ്രാം എന്നിവയും ആപ്പിള്‍ ഷോറൂമുകളുടെ ശൃംഖലയായ ഐ സെനികയും നടത്തുന്നത് ഇവരുടെ നേതൃത്വത്തിലുള്ള സെനിക ഗ്രൂപ്പാണ്.

Read:  പാകിസ്താനുള്ള സാമ്പത്തിക സഹായം യു.എസ് റദ്ദാക്കി

ആഗസ്റ്റ് 29ന് എച്ച്.ഡി.എഫ്.സി ബാങ്ക് നല്‍കിയ പരാതിയിലാണ് ഇരുവരുടേയും അറസ്റ്റ്. വ്യജ രേഖ ചമയ്ക്കല്‍, വഞ്ചന, എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവര്‍ക്കെതിരേ ബാങ്ക് പരാതി നല്‍കിയത്. നാലു വര്‍ഷമായി കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ചാണ് വായ്പ തിരിച്ചടവ് ഇവര്‍ മുടക്കിയത്.

സെനിക കാര്‍സ് ഇന്ത്യ, സെനിക പെര്‍ഫോമന്‍സ് കാര്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ ഡയറക്ടര്‍മാരായ റാഷ്പാല്‍, മന്ദിര്‍, സാമ്പത്തിക വിഭാഗം മേധാവി വൈഭവ് ശര്‍മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുനത്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, കാനറ ബാങ്ക്, ഫോക്‌സ്‌വാഗന്‍ ഫിനാന്‍സ് എന്നിവയില്‍ നിന്ന് 270 കോടിയുടെ വായ്പയാണ് സെനിക എടുത്തത്.

എച്ച്.ഡി.എഫ്.സിയില്‍ നിന്ന് മാത്രം 120 കോടിയുടെ വായ്പ എടുത്തിട്ടുണ്ട്. കമ്പനിയുടെ ബാലന്‍സ് ഷീറ്റുകളിലെ ലാഭം കാണിച്ചായിരുന്നു വായ്പ എടുത്തിരുന്നത്. എന്നാല്‍ നാലുവര്‍ഷമായി നഷ്ടത്തിലാണെന്നും അതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്നും കാണിച്ച് ആഗസ്റ്റ് 28ന് എച്ച്.ഡി.എഫ്.സിക്ക് സെനിക ഇ-മെയില്‍ അയച്ചു.

Read:  ദല്‍ഹി സര്‍വകലാശായില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എന്‍.എസ്.യു.ഐ ആക്രമണം

തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ വ്യാജ രേഖ ചമച്ചാണ് വായ്പ തരപ്പെടുത്തിയതെന്ന് കണ്ടെത്തി. ഓഡിയുടേയും പോര്‍ഷെയുടേയും ഇന്ത്യയിലെ ഏറ്റവും വലിയ ഡീലര്‍മാരാണ് സെനിക ഗ്രൂപ്പ്. പ്രതിവര്‍ഷം 500 കോടിയാണ് വില്‍പനയിലൂടെ കമ്പനി നേടുന്നത്. പ്രതിമാസം 140 ഓഡി കാറുകളും 18-20 പോര്‍ഷെ കാറുകളും സെനിക ഗ്രൂപ്പ് വില്‍ക്കുന്നുണ്ട്.