അങ്ങനെ ലാ ലീഗക്കാര് മാത്രം അവനെ നോക്കണ്ട, പ്രീമിയര്‍ ലീഗിലേക്ക് അവന്‍ വന്നാല്‍ പുളിക്കുമോ? എംബാപ്പെക്ക് പിന്നാലെ ഇതിഹാസ പരിശീലകനും
Football
അങ്ങനെ ലാ ലീഗക്കാര് മാത്രം അവനെ നോക്കണ്ട, പ്രീമിയര്‍ ലീഗിലേക്ക് അവന്‍ വന്നാല്‍ പുളിക്കുമോ? എംബാപ്പെക്ക് പിന്നാലെ ഇതിഹാസ പരിശീലകനും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th October 2022, 7:31 pm

ജനുവരിയില്‍ പി.എസ്.ജി വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കാനുറച്ച് ലിവര്‍പൂള്‍. പി.എസ്.ജിയുമായി ഉടക്കിയ താരത്തെ ആന്‍ഫീല്‍ഡിലേക്കെത്തിക്കാനാണ് ഇതിഹാസ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ഒരുങ്ങുന്നത്.

നിലവില്‍ റയല്‍ മാഡ്രിഡും ലിവര്‍പൂളുമാണ് എംബാപ്പെയെ ടീമിലെത്തിക്കാനുള്ള ഓട്ടത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ബാഴ്‌സയടക്കമുള്ള സ്പാനിഷ് ക്ലബ്ബുകളിലേക്കും താരം എത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പി.എസ്.ജിയില്‍ തന്റെ കരാര്‍ പുതുക്കി മാസങ്ങള്‍ക്കകമാണ് എംബാപ്പെ മാനേജ്‌മെന്റുമായി ഉടക്കിയിരിക്കുന്നത്. തനിക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിച്ചില്ലെന്നായിരുന്നു താരത്തിന്റെ പരാതി. ഇതിന് പിന്നാലെയാണ് താരം പി.എസ്.ജിയില്‍ നിന്നും പോകാന്‍ ഒരുങ്ങുന്നത്.

ലിവര്‍പൂളാണ് താരത്തിന് പിന്നാലെയുള്ള ടീമുകളില്‍ പ്രധാനി.

ഇന്നോ ഇന്നലെയോ അല്ല, ലിവര്‍പൂള്‍ എംബാപ്പെയെ നേരത്തെ നോട്ടമിട്ടിരുന്നു. അഞ്ച് വര്‍ഷത്തിന് മുമ്പ് താരം മൊണോക്കോയില്‍ കളിക്കുമ്പോള്‍ തന്നെ ഇംഗ്ലീഷ് വമ്പന്‍മാരുടെ സ്വപ്‌ന സൈനിങ്ങുകളില്‍ ഒന്നായിരുന്നു എംബാപ്പെ. എന്നാല്‍ മൊണോക്കോയില്‍ നിന്ന് താരം നേരെ പി.എസ്.ജിയിലേക്ക് പോകുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ലിവര്‍പൂള്‍ താരവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എംബാപ്പെ ആന്‍ഫീല്‍ഡിലെത്താന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ലിവര്‍പൂള്‍ പി.എസ്.ജിക്ക് മുന്നില്‍ എംബാപ്പെയുടെ കാര്യത്തില്‍ ഒരു ഔദ്യോഗിക ഓഫറും ഇതുവരെ വെച്ചിട്ടില്ല.

എംബാപ്പെയുടെ അമ്മയുടെ ഇഷ്ട ടീമാണ് ലിവര്‍പൂള്‍. അമ്മയുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കുന്ന എംബാപ്പെ ഇക്കാരണം കൊണ്ടുമാത്രം ലിവര്‍പൂളിലെത്താനും സാധ്യതയുണ്ട്.

‘ഞാന്‍ ലിവര്‍പൂളുമായി ചര്‍ച്ച നടത്തി, കാരണം അത് എന്റെ അമ്മയുടെ ഫേവറിറ്റ് ടീമാണ്. എന്റെ അമ്മ ലിവര്‍പൂളിനെ ഒത്തിരി ഇഷ്ടപ്പെടുന്നു,’ എംബാപ്പെ പറഞ്ഞു.

റയല്‍ മാഡ്രിഡാണ് എംബാപ്പെക്ക് പിറകെയുള്ള മറ്റൊരു സൂപ്പര്‍ ടീം. എന്നാല്‍ താരത്തെ ടീമിലെത്തിക്കുന്നത് സംബന്ധിച്ച് അവ്യക്തമായ മറുപടിയാണ് റയല്‍ കോച്ച് അന്‍സിലോട്ടി നല്‍കിയത്.

മാറിയ സാഹചര്യത്തില്‍ തനിക്ക് റയലില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് എംബാപ്പെ അറിയിച്ചിരുന്നു. എന്നാല്‍ റയല്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി നോക്കേണ്ടത്.

എന്നാല്‍ റയലിന്റെ ചിരവൈരികളായ ബാഴ്സയുമായി കൈകോര്‍ക്കാന്‍ എംബാപ്പെ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം താരം ക്ലബ്ബ് പ്രസിഡന്റ് ജോവാന്‍ ലപോര്‍ട്ടയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും രണ്ട് പ്രധാന നിബന്ധകള്‍ അംഗീകരിക്കാന്‍ ടീം തയ്യാറാണെങ്കില്‍ ബാഴ്‌സയിലേക്കെത്താന്‍ താത്പര്യമുണ്ടെന്നാണ് താരം പ്രസിഡന്റിനെ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ലബ്ബില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന താരം താനായിരിക്കണം, മെസിയെ ടീമിലെത്തിക്കാനുള്ള നടപടികളില്‍ നിന്ന് ബാഴ്‌സ പിന്‍മാറണം എന്നീ നിബന്ധനകളാണ് താരം ടീമിന് മുമ്പില്‍ വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Content Highlight:  Liverpool to bring Mbappe to the team