ഫ്രഞ്ച് ടോപ്പ് ഡിവിഷൻ ഫുട്ബോൾ ലീഗായ. ലീഗ് വണ്ണിൽ വീണ്ടും വിജയം കൊണ്ട് തങ്ങളുടെ അപ്രമാദിത്യത്തിന് അടിവരയിടുകയാണ് പി.എസ്.ജി
ഞായറാഴ്ച നടന്ന മത്സരത്തിൽ നൈസിനെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രഞ്ച് ക്ലബ്ബ് പരാജയപ്പെടുത്തിയത്.
മത്സരത്തിൽ പി.എസ്.ജിക്കായി മെസി, സെർജിയോ റാമോസ് എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ മൊത്തം അനശ്ചിതത്വത്തിൽ മുന്നേറുന്ന ലീഗിൽ തങ്ങളുടെ നില കുറച്ചെങ്കിലും ഭദ്രമാക്കാൻ പാരിസ് ക്ലബ്ബിന് സാധിച്ചു.
എന്നാൽ മത്സരത്തിൽ പി.എസ്.ജിയുടെ ആദ്യ ഗോൾ സ്വന്തമാക്കിയതോടെ വീണ്ടും റെക്കോർഡ് തിളക്കത്തിലെത്തിയിരിക്കുകയാണ് മെസി.
യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകൾക്കായി നേടുന്ന മൊത്തം ഗോൾ നേട്ടം 702 എന്ന സംഖ്യയിലെത്തിക്കാൻ മെസിക്ക് സാധിച്ചിട്ടുണ്ട്.
യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകൾക്കായി 701 ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. റൊണാൾഡോയെക്കാൾ 105 മത്സരങ്ങൾ കുറച്ച് കളിച്ചിട്ടാണ് മെസി ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ബാഴ്സലോണക്കായി 778 മത്സരങ്ങൾ കളിച്ച മെസി 672 ഗോളുകളാണ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്. ബാഴ്സയിൽ നിന്നും പി.എസ്.ജിയിലെത്തിയ മെസി 68 മത്സരങ്ങളിൽ നിന്നും 30 ഗോളുകളാണ് പാരിസ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്.
ഈ സീസണിൽ പാരിസ് ക്ലബ്ബിനായി 34 മത്സരങ്ങൾ കളിച്ച മെസി 19 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. റൊണാൾഡോ തന്റെ ക്ലബ്ബായ അൽ നസറിനായി ഇതുവരെ 11 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തമാക്കി.
അതേസമയം ലീഗ് വണ്ണിൽ നിലവിൽ 30 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളോടെ 69 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.