ഗോട്ടിന്റെ 900 ഗോളിനെ കടത്തിവെട്ടുന്ന റെക്കോഡ്; ഇന്റര്‍ മയാമിയെ കൂട്ടുപിടിച്ച് റൊണാള്‍ഡോയെ വീണ്ടും തോല്‍പിച്ച് മെസി
Sports News
ഗോട്ടിന്റെ 900 ഗോളിനെ കടത്തിവെട്ടുന്ന റെക്കോഡ്; ഇന്റര്‍ മയാമിയെ കൂട്ടുപിടിച്ച് റൊണാള്‍ഡോയെ വീണ്ടും തോല്‍പിച്ച് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd October 2024, 1:51 pm

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ ഭാഗമായ ലയണല്‍ മെസി ഇതിനോടകം തന്നെ ക്ലബ്ബിന്റെയും ലീഗിന്റെയും ലെജന്‍ഡായി മാറിയിരിക്കുകയാണ്. ഇക്കാലമത്രയും കിരീടമെന്നത് സ്വപ്‌നം മാത്രമായി അവശേഷിച്ച മയാമിയെ രണ്ട് കിരീടം ചൂടിച്ചാണ് മെസി അവതരിച്ചത്.

നാഷ്‌വില്ലിനെ തോല്‍പിച്ച് മയാമി ലീഗ്‌സ് കപ്പ് ചൂടിച്ച മെസി, സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും സ്വന്തമാക്കി. ലീഗ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കവെയാണ് മെസിയും സംഘവും സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയത്.

അവസാന മത്സരത്തില്‍ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെയാണ് മെസിപ്പട തകര്‍ത്തുവിട്ടത്. രണ്ടിനെതിരെ ആറ് ഗോളിനായിരുന്നു ഹെറോണ്‍സിന്റെ വിജയം. മെസി ഹാട്രിക്കുമായി തിളങ്ങിയപ്പോള്‍ സുവാരസ് ഇരട്ട ഗോളും സ്വന്തമാക്കി. ബെഞ്ചമിന്‍ ക്രമാഷിയാണ് ശേഷിച്ച ഗോള്‍ സ്വന്തമാക്കിയത്.

മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു മെസിയുടെ ഹാട്രിക് പിറന്നത്. 78ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയ മെസി പത്ത് മിനിട്ടിന് ശേഷം രണ്ടാം ഗോളും 89ാം മിനിട്ടില്‍ ഹാട്രിക് ഗോളും സ്വന്തമാക്കി.

ഈ ഹാട്രിക്കിന് പിന്നാലെ ഇന്റര്‍ മയാമിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന റെക്കോഡും മെസി സ്വന്തമാക്കി. 33 ഗോളുകളാണ് ഹെറോണ്‍സിന്റെ പിങ്ക് ജേഴ്‌സിയില്‍ മെസി സ്വന്തമാക്കിയത്.

ഈ നേട്ടത്തിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടത്തില്‍ ക്രിസ്റ്റിയാനോയെ മറികടക്കാനും മെസിക്ക് സാധിച്ചു. മൂന്ന് വിവിധ ടീമുകളുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ ആദ്യ താരമാണ് മെസി.

ഹെറോണ്‍സിന് പുറമെ ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും ടോപ് സ്‌കോററാണ് മെസി. ബ്ലൂഗ്രാനക്കായി 672 ഗോള്‍ നേടിയ മെസി ആല്‍ബിസെലസ്റ്റിനായി 112 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

രണ്ട് ടീമുകളുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന നേട്ടമാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. റയലും പോര്‍ച്ചുഗലും. ലോസ് ബ്ലാങ്കോസ് ജേഴ്‌സിയില്‍ 450 ഗോള്‍ സ്വന്തമാക്കിയ താരം പോര്‍ച്ചുഗലിനൊപ്പം 133 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോള്‍ അടിച്ചുകൂട്ടിയെങ്കിലും ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ 11ാം സ്ഥാനത്താണ് റോണോയുടെ സ്ഥാനം. 253 ഗോളുമായി വെയ്ന്‍ റൂണിയാണ് ഒന്നാമന്‍.

യുവന്റസിനായും ഗോള്‍ നേട്ടത്തില്‍ റൊണാള്‍ഡോ സെഞ്ച്വറി നേടിയിട്ടുണ്ട്. ഓള്‍ഡ് ലേഡി ജേഴ്‌സിയില്‍ 101 തവണയാണ് താരം എതിരാളികളുടെ വലയിലേക്ക് പന്തെത്തിച്ചത്. എന്നാല്‍ 290 ഗോളുമായി ഇറ്റാലിയന്‍ ഇതിഹാസം അലസ്സാണ്ട്രോ ഡി പിയേറോ ആണ് ഒന്നാമന്‍.

നിലവില്‍ പന്തുതട്ടുന്ന അല്‍ നസറിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാകാന്‍ റോണോക്ക് കാതങ്ങളേറെ താണ്ടണം. അല്‍ നസറിന്റെ ഗോള്‍ഡന്‍ ട്രയോയിലെ പ്രധാനിയും ഇതിഹാസവുമായ മജീദ് അബ്ദുള്ളയാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍. അല്‍ നസറിനായി 260 തവണയാണ് താരം വലകുലുക്കിയത്. 67 തവണയാണ് റൊണാള്‍ഡോ ഇതുവരെ അല്‍ നസറിനായി സ്‌കോര്‍ ചെയ്തത്.

ഇക്കൂട്ടത്തിലെ മറ്റ് ടീമുകളെ പോലെ കാര്യമായ ലെഗസി ഇന്റര്‍ മയാമിക്ക് അവകാശപ്പെടാന്‍ സാധിക്കില്ല എന്നതാണ് മെസിയുടെ ഈ നേട്ടം എളുപ്പമാക്കിയത്. 2018ലാണ് ടീം പിറവിയെടുത്തത്. അതായത് പത്ത് വര്‍ഷം പോലുമായിട്ടില്ല എന്ന് സാരം.

 

Content highlight: Lionel Messi surpassed Cristiano Ronaldo