'ബാലണ്‍ ഡി ഓര്‍ ചടങ്ങിനിടെ ബാഴ്‌സലോണ പ്രസിഡന്റിനെ അവഗണിച്ച് മെസി'
Football
'ബാലണ്‍ ഡി ഓര്‍ ചടങ്ങിനിടെ ബാഴ്‌സലോണ പ്രസിഡന്റിനെ അവഗണിച്ച് മെസി'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th November 2023, 9:13 pm

 

ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങിനിടെ ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയെ ലയണല്‍ മെസി അവഗണിച്ചതായി റിപ്പോര്‍ട്ട്. ലപോര്‍ട്ടയോട് സംസാരിക്കാന്‍ മെസി താല്‍പര്യപ്പെട്ടില്ലെന്നും ബാഴ്‌സലോണ പ്രസിഡന്റിനെ കണ്ടപ്പോള്‍ മെസി നടന്നകലുകയായിരുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഗില്ലെം ബലാഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

‘ബാലണ്‍ ഡി ഓര്‍ ജേതാവായ സ്പാനിഷ് താരം അയ്റ്റാന ബോന്‍മാറ്റിക്കൊപ്പം മെസി ഫോട്ടോസ് എടുക്കുമ്പോള്‍ ലപോര്‍ട്ട സമീപത്തുണ്ടായിരുന്നു. അദ്ദേഹം മെസിയോട് സംസാരിക്കാനും കൂടെ നിന്ന് ഫോട്ടോസ് എടുക്കുവാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ മെസി അദ്ദേഹത്തെ അവഗണിച്ച് നടന്നകലുകയായിരുന്നു,’ ബലാഗ് പറഞ്ഞു.

മെസിയും ലപോര്‍ട്ടയും സംഭാഷണത്തിലേര്‍പ്പെടുന്നത് കണ്ടിരുന്നുവെന്ന് മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ ജെറാര്‍ഡ് റോമിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതോടെ മെസി റോമിയോയെ വിളിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനെ ചോദ്യം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ബാഴ്‌സലോണ ജേണലിസ്റ്റ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ക്ഷമാപണം നടത്തുകയായിരുന്നു.

‘ഒരായിരം തവണ മാപ്പ് ചോദിക്കുന്നു. ലിയോ മെസിയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളാല്‍ ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു,’ റോമിയോ എക്‌സില്‍ കുറിച്ചു.

ലയണല്‍ മെസിയുമായുള്ള കരാര്‍ പുതുക്കുന്നതിന് പ്രയാസം നേരിട്ടതിന്റെ ഏതാനും മാസങ്ങള്‍ മുമ്പാണ് ലപോര്‍ട്ട ബാഴ്‌സയുടെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. കറ്റാലന്‍മാരുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാതെ വന്നതോടെ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറുകയായിരുന്നു. രണ്ട് വര്‍ഷം പാരീസില്‍ ചെലവഴിച്ചതിന് ശേഷമാണ് മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ ജോയിന്‍ ചെയ്യുന്നത്.

Content Highlights: Lionel Messi ignores Joan Laporta during Ballon d’Or Gala