സെങ്കണിയില്‍ നിന്നും ജീനയിലേക്ക്; ഏതു വേഷവും ലിജിമോള്‍ക്ക് സിമ്പിളാണ് | D Movies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ സിനിമ മുതല്‍ കയ്യില്‍ കിട്ടുന്ന ഓരോ വേഷവും സ്വാഭാവിക പ്രകടനം കൊണ്ട് ശ്രദ്ധേയമാക്കുന്നയാളാണ് നടി ലിജോമോള്‍ ജോസ്. ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലെ സോണിയയും പിന്നീടിറങ്ങിയ കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ കനിയും തുടങ്ങി ഏറ്റവുമൊടുവില്‍ ജയ് ഭീമില്‍ വരെ നടി മിന്നുന്ന പ്രകടനം കാഴ്ച വെച്ചു കഴിഞ്ഞു.

ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രമായ വിശുദ്ധ മെജോയിലും ജീന എന്ന കേന്ദ്ര കഥാപാത്രത്തെ ഗംഭീരമായാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. വളരെ പക്വതയുള്ള, കാര്യങ്ങളെ ധൈര്യത്തോടെ നേരിടുന്നയാളാണ് ജീന.

ജീനയെ കയ്യടക്കത്തോടെയാണ് ലിജോമോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡയലോഗുകളിലും തിരക്കഥയിലുമുണ്ടായ നാടകീയതയും ലാഗും തന്റെ പ്രകടനം കൊണ്ടാണ് ലിജോമോള്‍ മറികടക്കുന്നത്.

മെജോയെ കെട്ടിപ്പിടിച്ച് എന്തുണ്ടെങ്കിലും എന്നോട് പറയാമെന്ന് പറയുന്ന ഭാഗത്തും, നിന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നതെന്ന് മെജോയോട് പറയുന്ന ഭാഗത്തും തുടങ്ങി നിരവധി സീനുകളില്‍ ഇതിന്റെ ഉദാഹരണങ്ങള്‍ കാണാം. സിനിമയെ രക്ഷിക്കുന്ന പ്രകടനമാണ് ഇത്തരം സീനുകളില്‍ ലിജോമോളിന്റേത്.

ചിത്രത്തിലെ നിര്‍ണായകമായ രംഗങ്ങളിലെല്ലാം നടി സൂക്ഷ്മമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. മെജോയെ ജന്മദിനം ആഘോഷിക്കാനായി വീട്ടിലേക്ക് വിളിച്ച സമയത്ത് ഇന്റിമേറ്റാകുമോ എന്ന സംശയം തോന്നുന്നതും എന്നാല്‍ ആ തോന്നലിനെ ചില ചെറിയ ആക്ഷന്‍സിലൂടെ കൈകാര്യം ചെയ്യുന്നതും മികച്ചു നിന്നു.

കഥാപാത്രസൃഷ്ടിയിലും മേക്കിങ്ങിലും ശ്രദ്ധ പുലര്‍ത്തിയ ഈ രംഗത്തില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് ലിജോമോളിന്റെ പ്രകടനം തന്നെയാണ്. സൗഹൃദത്തെയും ഇഷ്ടങ്ങളെയും പ്രണയത്തെയും കുറിച്ച് ജീന പറയുന്ന ഭാഗങ്ങളും മനോഹരമാണ്.

കിരണ്‍ ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഡിനോയ് പൗലോസാണ്. ഡിനോയ് തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മെജോയെ അവതരിപ്പിച്ചിരിക്കുന്നത്.

ജോമോന്‍ ടി ജോണാണ് ക്യാമറ. ഷമീര്‍ മുഹമ്മദാണ് എഡിറ്റ്. ഡിനോയ് പൗലോസും ലിജോമോളും കൂടാതെ മാത്യു തോമസ്, അഭിരാം കൃഷ്ണ, ബൈജു എഴുപുന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Lijomol’s great performance in Vishudha Mejo movie