ഭക്ഷ്യക്ഷാമം രൂക്ഷം; റഫാ അതിർത്തിയിൽ അവശേഷിക്കുന്നത് കഷ്ടിച്ച് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം മാത്രം: ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി
World News
ഭക്ഷ്യക്ഷാമം രൂക്ഷം; റഫാ അതിർത്തിയിൽ അവശേഷിക്കുന്നത് കഷ്ടിച്ച് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം മാത്രം: ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 8:34 pm

ജെറുസലേം: കഴിഞ്ഞാഴ്ച റഫാ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രഈല്‍ സൈന്യം ഏറ്റെടുത്തതോടെ കനത്ത പട്ടിണിയാണ് ഗസയിലെ ജനങ്ങള്‍ അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കരയാക്രമണം ആരംഭിച്ചതോടെ റഫക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടെന്നും ഈ മേഖലകളില്‍ ഇനി ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മെയ് ആറിന് റഫയുടെ നിയന്ത്രണം ഇസ്രഈല്‍ പൂര്‍ണമായി ഏറ്റെടുത്തതോടെ ഗസയിലേക്ക് സഹായം എത്തുന്നത് നിലച്ചെന്ന് ഐക്യരാഷട്ര സഭയുടെ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി വക്താവ് ജൂലിയറ്റ് ടൂമ പറഞ്ഞു.

‘മെയ് ആറിന് ശേഷം ഭക്ഷണങ്ങളുമായി വെറും ആറ് ട്രക്കുകള്‍ മാത്രമാണ് ഗസയിലേക്ക് പ്രവേശിച്ചത്. ഇത് ഭക്ഷ്യ സാധനങ്ങള്‍ കുറയുന്നതിനും വില കുതിച്ചുയരുന്നതിനും കാരണമായിട്ടുണ്ട്. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് ഗസയെ എത്തിക്കുക,’ ജൂലിയറ്റ് ടൂമ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇസ്രഈല്‍ ആക്രമണം നടത്തിയതിന് ശേഷം ഏകദേശം നാല് ലക്ഷത്തിലധികം ആളുകള്‍ തെക്കന്‍ ഗസയില്‍ നിന്ന് പലായനം ചെയ്‌തെന്നാണ് ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇവര്‍ക്ക് പോകാന്‍ സുരക്ഷിതമായ ഒരു സ്ഥലമില്ലെന്നും പലരും ഖാന്‍ യൂനിസിലേക്കും അല്‍ബലാഹിലേക്കുമാണ് പലായനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ പ്രദേശങ്ങളെയും ഭക്ഷ്യക്ഷാമം ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കടുത്ത പട്ടിണിക്കിടയിലും ​ഗസയിലേക്കെത്തിയ സഹായ ട്രക്കുകൾക്ക് നേരെ ഇസ്രഈലി കുടിയേറ്റക്കാർ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജോർദാൻ സഹായ സംഘത്തിന് നേരെ തിങ്കളാഴ്ചയാണ് ഇസ്രഈലി കുടിയേറ്റക്കാർ ആക്രമണം അഴിച്ചുവിട്ടത്.

ഇസ്രഈൽ പതാകയുമായി എത്തിയ സംഘം ട്രക്കുകളിൽ കയറി അതിലെ സാധനങ്ങൾ വലിച്ച് പുറത്തേക്കിടുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ഇവർ പിന്നീട് ട്രക്കുകൾക്ക് തീയിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlight: ‘Less than a week’ of food left in south after Israel seized Rafah crossing