ആദ്യമായിട്ടാണ് ഒരു ആദരവ് കിട്ടുന്നതെന്ന് ആ നടി പറഞ്ഞപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടു: ലാൽജോസ്
Entertainment
ആദ്യമായിട്ടാണ് ഒരു ആദരവ് കിട്ടുന്നതെന്ന് ആ നടി പറഞ്ഞപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടു: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th December 2024, 1:46 pm

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ്‌ സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം.

ഒടുവിൽ ഉണ്ണികൃഷ്‌ണൻ, കുതിരവട്ടം പപ്പു, സുകുമാരി, ഇന്നസെന്റ് തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളോടൊപ്പമെല്ലാം വർക്ക് ചെയ്യാൻ ലാൽജോസിന് കഴിഞ്ഞിട്ടുണ്ട്. ഒരിക്കൽ ഒരു വേദിയിൽ വെച്ച് സുകുമാരിയെ ആദരിക്കാൻ കിട്ടിയ അവസരത്തെ കുറിച്ച് പറയുകയാണ് ലാൽജോസ്. താനായിരുന്നു ആ ചടങ്ങിൽ അതിഥിയെന്നും സുകുമാരിക്ക് ആദ്യമായി ലഭിക്കുന്ന ആദരവാണ് അതെന്നറിഞ്ഞപ്പോൾ വലിയ അത്ഭുതം തോന്നിയെന്നും ലാൽജോസ് പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുരുവായൂരിൽ വെച്ച് കുറച്ചാളുകൾ ചേർന്ന് സുകുമാരി ചേച്ചിയെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. ആദരിക്കാൻ വിളിച്ചത് എന്നെയായിരുന്നു. ഞാൻ അവിടെ ചെന്നപ്പോൾ സുകുമാരിയമ്മക്ക് കൃഷ്ണന്റെ ഒരു ഫലകമൊക്കെ നൽകുന്നുണ്ട്. അത് കഴിഞ്ഞ ശേഷം സുകുമാരി ചേച്ചി എന്നെ കെട്ടിപിടിച്ചുകൊണ്ട് ചെവിയിൽ പറഞ്ഞു, ആദ്യമായിട്ടാണ് ഒരു ആദരവ് ലഭിക്കുന്നതെന്ന്.

അത് കേട്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. കാരണം എത്രയോ ആളുകളെ ആദരിക്കുന്ന പരിപാടികളിൽ എല്ലാ കാര്യങ്ങളും സെറ്റ് ചെയ്യാനും മുന്നിൽ നിൽക്കാനുമെല്ലാം ഓടി നടന്ന ആളാണ് സുകുമാരി ചേച്ചി. ചേച്ചിക്കൊക്കെ ഒരു ആദരവ് എപ്പോഴോ കിട്ടേണ്ടതാണ്. അത് കേട്ടപ്പോൾ ഞാൻ ആകെ ക്ഷുഭിതനായി.

അപ്പോൾ ചേച്ചി പറഞ്ഞത്, അതുകൊണ്ടൊന്നും കാര്യമല്ല മോനെ എന്നായിരുന്നു. ചെന്നൈയിൽ ആയിരുന്നു താമസിച്ചിരുന്നത്. കേരളത്തിൽ ഒരു ബേസ് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ ചേച്ചി കുറച്ചുകൂടെ നേരത്തെ ആദരിക്കപ്പെട്ടേനെ,’ലാൽജോസ് പറയുന്നു.

അഞ്ച്‌ പതിറ്റാണ്ടോളം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന മികച്ച നടിമാരിൽ ഒരാളായിരുന്നു സുകുമാരി. വിവിധ ഭാഷകളിലായി 2500 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുകുമാരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മികച്ച സഹ നടിക്കുള്ള നാഷണൽ അവാർഡും സ്വന്തമാക്കിയ സുകുമാരി മലയാളത്തിൽ പ്രിയദർശൻ, ലാൽജോസ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ നിറസാന്നിധ്യമായിരുന്നു. 2013 ലാണ് സുകുമാരി അന്തരിക്കുന്നത്.

Content Highlight: laljose Talk About A Moment With  Actress Sukumari